ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ?

കഴിഞ്ഞ ദിവസം നടന്ന സൂപ്പർ കപ്പ് ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് നാപോളിയെ പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ഈ ഗോൾനേട്ടത്തോട് കൂടി തന്റെ കരിയറിൽ ആകെ 760 ഗോളുകൾ പൂർത്തിയാക്കിയിരിക്കുകയാണ് റൊണാൾഡോ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനായി മാറിയിരിക്കുകയാണിപ്പോൾ റൊണാൾഡോ. ഫുട്ബോൾ മാധ്യമങ്ങൾ എല്ലാം തന്നെ ഈ കണക്കുകൾ അംഗീകരിച്ചിട്ടുണ്ട്. 1040 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 760 ഗോളുകൾ നേടിയത്. 759 ഗോളുകൾ നേടിയ ചെക്കോസ്ലോവാക്യൻ ഇതിഹാസം ജോസഫ് ബീക്കണെയാണ് റൊണാൾഡോ പിന്നിലാക്കിയത്. ബ്രസീലിയൻ ഇതിഹാസതാരം പെലെ മൂന്നാം സ്ഥാനത്താണ്. സ്പോർട്ടിങ്ങിന് വേണ്ടി 5 ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 ഗോളുകൾ, റയൽ മാഡ്രിഡിന് വേണ്ടി 450 ഗോളുകൾ, യുവന്റസിന് വേണ്ടി 85 ഗോളുകൾ, പോർച്ചുഗല്ലിന് വേണ്ടി 102 ഗോളുകൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോളടിയുടെ കണക്കുകൾ.

അതേസമയം ചില കണക്കുകൾ പ്രകാരം ഇപ്പോഴും ഗോൾവേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നാലാം സ്ഥാനത്താണ്. ഈ കണക്കുകൾ പറയുന്നത് ജോസഫ് ബീക്കൺ ഔദ്യോഗികമായി 805 ഗോളുകൾ നേടിയിട്ടുണ്ട് എന്നാണ്. അതിനർത്ഥം റൊണാൾഡോ ഇനിയും ഗോളുകൾ നേടിയാൽ മാത്രമേ ഈ നേട്ടം തകർക്കാൻ കഴിയുകയൊള്ളൂ.1931 മുതൽ 1956 വരെയാണ് അദ്ദേഹം ഈ ഗോളുകൾ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത്‌ ബ്രസീലിയൻ ഇതിഹാസം റൊമാരിയോയാണ്. 772 ഗോളുകളാണ് റൊമാരിയോ തന്റെ കരിയറിൽ നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്താണ് ഇതിഹാസതാരം പെലെ. 767 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. ഇതിന് പിറകിലായി നാലാം സ്ഥാനത്താണ് 760 ഗോളുകളുമായി റൊണാൾഡോയുള്ളത്. എന്നാൽ ഇതിൽ ഏത് കണക്കാണ് ഔദ്യോഗികം എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. ഫിഫ ഇക്കാര്യത്തിൽ ഇതുവരെ കണക്കുകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *