ഗോൾശരാശരിയിൽ ജീസസിനെ മറികടന്നു, ബ്രസീലിന് ആശ്വാസമായി ഫിർമിനോയുടെ മിന്നും ഫോം !

തുടക്കത്തിൽ ബ്രസീലിയൻ ടീമിൽ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റോബെർട്ടോ ഫിർമിനോ. ലിവർപൂളിൽ മിന്നും പ്രകടനം തുടരുമ്പോഴും ബ്രസീലിൽ താരത്തിന് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഈ അവസരം ഗോൾ നേടിക്കൊണ്ട് ജീസസ് മുതലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. മികച്ച ഫോമിലാണ് ഇപ്പോൾ ഫിർമിനോ ബ്രസീലിന് വേണ്ടി കളിക്കുന്നത്. അവസാനമായി കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടിയ താരം ഈ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ മാത്രമായി മൂന്ന് ഗോളുകൾ കണ്ടെത്തി കഴിഞ്ഞു. നാലു ഗോളുകൾ നേടിയ ലൂയിസ് സുവാരസാണ് മുന്നിലുള്ളത്.കഴിഞ്ഞ വെനിസ്വേലക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിന്റെ വിജയഗോൾ പിറന്നത് ഫിർമിനോയുടെ ബൂട്ടിൽ നിന്നായിരുന്നു. ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ താരം ഇരട്ടഗോളുകൾ നേടുകയും ചെയ്തിരുന്നു.

നാല്പത്തിയഞ്ച് മത്സരങ്ങൾ ബ്രസീലിന് വേണ്ടി കളിച്ച താരം പതിനാറ് ഗോളുകളാണ് ഇതുവരെ ബ്രസീൽ ജേഴ്‌സിയിൽ നേടിയിട്ടുള്ളത്. മാത്രമല്ല ഗോൾ ശരാശരിയിൽ താരം ഗബ്രിയേൽ ജീസസിനെ മറികടക്കുകയും ചെയ്തിട്ടുണ്ട്. 2572 മിനുട്ടുകൾ ബ്രസീലിന് വേണ്ടി കളിച്ച ഫിർമിനോ 16 ഗോളുകളാണ് നേടിയിട്ടുള്ളത്. ഓരോ 160.75 മിനുട്ടിലും താരത്തിന് ഗോൾ നേടാൻ സാധിച്ചിട്ടുണ്ട്. 2894 മിനുട്ടുകളാണ് ഗബ്രിയേൽ ജീസസ് ബ്രസീലിനായി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 18 ഗോളുകൾ നേടിയ താരത്തിന് ഓരോ 160.77 മിനുട്ടിലും ഓരോ ഗോൾ വീതം നേടാൻ സാധിച്ചിട്ടുണ്ട്. ഏതായാലും ഇനി ഉറുഗ്വക്കെതിരെയാണ് ബ്രസീലിന്റെ മത്സരം. ഇതിലും താരത്തിന്റെ ബൂട്ടുകളിൽ തന്നെയാണ് ബ്രസീലിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *