ഗബ്രിയേൽ ബാർബോസ അറസ്റ്റിലായി, പിന്നാലെ പിഴയും!
ബ്രസീലിയൻ സൂപ്പർ താരം ഗബ്രിയേൽ ബാർബോസ അറസ്റ്റിലായി.കോവിഡ് നിയമം ലംഘിച്ചു കൊണ്ട് ഇല്ലീഗൽ ഗെയ്മിങ്ങിൽ പങ്കെടുത്ത കാരണത്താലാണ് ബാർബോസ പോലീസിന്റെ പിടിയിലായത്. താരത്തെ കൂടാതെ ഇരുന്നൂറോളം പേരും പിടിയിലായിട്ടുണ്ട്. ബ്രസീലിയൻ നഗരിയായ സാവോ പോളോയിലാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. അതേസമയം നല്ലൊരു തുകയും താരം പിഴയായി നൽകണം. 15000 പൗണ്ടോളമാണ് താരത്തിന് പിഴയായി ചുമത്തിയിരിക്കുന്നത്. അല്ലാത്ത പക്ഷം താരം ഒരു വർഷം തടവിൽ കഴിയേണ്ടി വരും. ഈ പിഴത്തുക കുട്ടികളുടെ ക്ഷേമ പ്രവർത്തനത്തിനാണ് അധികൃതർ ചിലവഴിക്കുക. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ.
Gabriel Barbosa fined £15k after being arrested at illegal gaming den in Sao Paulohttps://t.co/eZXHhAFHJy
— The Sun Football ⚽ (@TheSunFootball) April 27, 2021
അതേസമയം തന്റെ ബുദ്ധിമോശം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഗാബിഗോൾ തുറന്നു സമ്മതിച്ചു. ” എന്റെ ബുദ്ധിമോശം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഞാൻ സമ്മതിക്കുന്നു.പക്ഷെ അതെന്റെ ഹോളിഡേയിലെ അവസാനദിവസമായിരുന്നു. ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം സന്തോഷത്തിലായിരുന്നു.ഞാൻ വലിയ ബുദ്ധിമാനൊന്നുമല്ല. പക്ഷെ ഞാൻ മാസ്ക്ക് ധരിച്ചിരുന്നു, സാനിറ്റയ്സർ ഉപയോഗിച്ചിരുന്നു.ഞാൻ എല്ലാ നിർദേശങ്ങളും പാലിക്കാൻ ശ്രമിച്ചിരുന്നു ” ഇതാണ് ഗാബിഗോൾ ഇതേകുറിച്ച് പ്രസ്താവിച്ചത്.
നിലവിൽ ബ്രസീലിയൻ ക്ലബ് ഫ്ലെമെങ്കോക്ക് വേണ്ടിയാണ് ഗാബിഗോൾ കളിക്കുന്നത്.24-കാരനായ താരം 2016-ൽ ഇന്റർ മിലാനിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും അവസരങ്ങൾ ലഭിക്കാതെ ആയതോടെ ബെൻഫിക്ക, സാന്റോസ് എന്നീ ക്ലബുകളിൽ ലോണിൽ കളിച്ചിരുന്നു. തുടർന്നാണ് താരം ഫ്ലെമെങ്കോയിൽ എത്തുന്നത്.നിലവിൽ മികച്ച പ്രകടനമാണ് താരം ഫ്ലെമെങ്കോക്ക് വേണ്ടി കാഴ്ച്ചവെക്കുന്നത്.കോപ്പ ലിബർട്ടഡോറസിൽ ഫ്ലെമെങ്കോയുടെ കുതിപ്പിന് പിന്നിൽ ഗാബിഗോൾ ആയിരുന്നു. ബ്രസീലിന് വേണ്ടി അഞ്ച് മത്സരങ്ങളിൽ ജേഴ്സി അണിയാനും ബാർബോസക്ക് സാധിച്ചിട്ടുണ്ട്.