ഖത്തർ വേൾഡ് കപ്പിന് ഉക്രൈനിന്റെ ആം ബാന്റുമായി എത്തുമെന്ന് ലെവന്റോസ്ക്കി!

കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പ്യൻ രാജ്യമായ റഷ്യ ഉക്രൈനിൽ അധിനിവേശം ആരംഭിച്ചപ്പോൾ അതിനെതിരെ ആദ്യമായി പ്രതികരിച്ച താരങ്ങളിൽ ഒരാളാണ് സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കി. അദ്ദേഹം ഉക്രൈനിന് പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു.മാത്രമല്ല വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒരു റഷ്യക്കെതിരെ തങ്ങൾ കളിക്കില്ലെന്നും ലെവന്റോസ്ക്കി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഫിഫയും യുവേഫയും റഷ്യയെ ഫുട്ബോളിൽ നിന്നും ബാൻ ചെയ്യുകയായിരുന്നു.

തുടർന്ന് ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ ലെവന്റോസ്ക്കിയുടെ പോളണ്ടിന് സാധിച്ചു. അതേസമയം ഉക്രൈൻ പ്ലേഓഫിൽ പരാജയപ്പെടുകയായിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിലാണ് പോളണ്ട് ഉൾപ്പെട്ടിരിക്കുന്നത്.അർജന്റീന,മെക്സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിന്റെ എതിരാളികൾ.

കഴിഞ്ഞ ദിവസം ഉക്രൈന്റെ ഇതിഹാസതാരമായ ഷെവ്ചെങ്കോ വാഴ്സോയിലുള്ള പോളണ്ടിന്റെ നാഷണൽ ടീം സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഈ സ്റ്റേഡിയത്തിൽ വെച്ചാണ് റോബർട്ട് ലെവന്റോസ്ക്കിക്ക് ഉക്രൈൻ ദേശീയ ടീമിന്റെ ക്യാപ്റ്റന്റെ ആം ബാന്റ് ഇദ്ദേഹം സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ലെവന്റോസ്ക്കി, ഈ ആം ബാന്റ് ഖത്തർ വേൾഡ് കപ്പിന് കൊണ്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.ലെവന്റോസ്ക്കി കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

” നന്ദി ഷെവ്ചെങ്കോ.നിങ്ങളെ കാണാൻ സാധിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വരുന്ന ഖത്തർ വേൾഡ് കപ്പിലേക്ക് ഉക്രൈനിന്റെ ഈ ആം ബാന്റ് കൊണ്ടുപോകാൻ സാധിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതി തന്നെയാണ് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

2004 ലെ ബാലൺ ഡിയോർ പുരസ്കാര ജേതാവാണ് ഷെവ്ചെങ്കോ. മാത്രമല്ല ഈയിടെ അദ്ദേഹം ഉക്രൈനിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *