ക്ലബ്ബ് വേൾഡ് കപ്പിന്റെ പുതിയ ട്രോഫി പുറത്തിറക്കി ഫിഫ, സവിശേഷതകൾ ഏറെ!
ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഇനി മുതൽ പുതിയ രൂപത്തിലും ഭാവത്തിലുമാണ് അരങ്ങേറുക. ഇതുവരെ ഉണ്ടായിരുന്ന ഫോർമാറ്റിൽ നിന്നും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഇതുവരെ ഉണ്ടായിരുന്ന ക്ലബ്ബ് വേൾഡ് കപ്പ് ഇനിമുതൽ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നാണ് അറിയപ്പെടുക.അതേസമയം പുതിയ ഫിഫ ക്ലബ് വേൾഡ് കപ്പിൽ 32 ടീമുകളാണ് പങ്കെടുക്കുക.
അടുത്ത വർഷം മധ്യത്തിൽ അമേരിക്കയിൽ വച്ചു കൊണ്ടാണ് ഈ വേൾഡ് കപ്പ് നടക്കുന്നത്.അതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഡിസംബർ മാസത്തിൽ നടക്കും. 2025 ജൂൺ പതിനഞ്ചാം തീയതി ആരംഭിച്ച് ജൂലൈ പതിമൂന്നാം തീയതിയാണ് ഈ കോമ്പറ്റീഷൻ അവസാനിക്കുക. ഇതിനു വേണ്ടിയുള്ള പുതിയ ട്രോഫി ഇപ്പോൾ ഫിഫ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങൾ ഫിഫ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗോളാകൃതിയിലുള്ള ഒരു ട്രോഫിയാണ് ഫിഫ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഫുട്ബോളിന്റെ സമ്പന്നമായ ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നു എന്നാണ് ഫിഫ അവകാശപ്പെടുന്നത്. പ്രമുഖ ജ്വല്ലറി നിർമാതാക്കളായ ടിഫാനിയുമായി കൈകോർത്തുകൊണ്ടാണ് ഈ ട്രോഫി രൂപകൽപ്പന ചെയ്തിട്ടുള്ളത്. 24 കാരറ്റ് ഗോൾഡ് പ്ലെറ്റഡ് ഫിനിഷ് ആണ് ഈ ട്രോഫിക്ക് ഉള്ളത്. ലോകത്തിന്റെ ഭൂപടം ഈ കിരീടത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫിഫയുടെ അംഗങ്ങളായ 211 അസോസിയേഷനുകളുടെയും 6 കോൺഫറേഷന്റേയും പേരുകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫുട്ബോൾ ട്രഡീഷനെ രേഖപ്പെടുത്തുന്ന ചില സിംബലുകൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റേഡിയങ്ങളുടെ സിംബലും അതിനകത്തുണ്ട്.
13 ഭാഷകൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ബ്രൈലി ലിപിയും ഉണ്ട്. ട്രോഫിക്ക് പവർഫുൾ വിഷ്വൽ സ്ട്രക്ചറാണ് എന്നും ഫിഫ അവകാശപ്പെടുന്നുണ്ട്. ഏതായാലും ഈ ട്രോഫി ആദ്യമായി സ്വന്തമാക്കാൻ ഭാഗ്യം ലഭിക്കുന്ന ക്ലബ്ബ് ഏതായിരിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ട കാര്യം.മാഞ്ചസ്റ്റർ സിറ്റി,റയൽ മാഡ്രിഡ്,ബയേൺ തുടങ്ങിയ പല ക്ലബ്ബുകളും ഇതിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.