ക്ലബ്ബിൽ നിന്നും പുറത്താക്കിയതിനോട് ആദ്യമായി പ്രതികരിച്ച് മാഴ്സെലോ!
കഴിഞ്ഞ ഗ്രിമിയൊക്കെതിരെയുള്ള ഫ്ലുമിനൻസിന്റെ മത്സരത്തിനിടയിലാണ് ഒരു വിവാദ സംഭവം അറിഞ്ഞേറിയത്.ലിമയുടെ പകരക്കാരനായി കൊണ്ട് റയൽ മാഡ്രിഡ് ഇതിഹാസമായ മാഴ്സെലോയെ കൊണ്ടുവരാൻ ഫ്ലുമിനൻസിന്റെ പരിശീലകനായ മനോ മെനസസ് തീരുമാനിച്ചിരുന്നു. കളത്തിലേക്ക് ഇറങ്ങാൻ നിൽക്കുന്ന സമയത്ത് ഈ പരിശീലകൻ മാഴ്സെലോക്ക് ചില നിർദ്ദേശങ്ങൾ നൽകി. എന്നാൽ പരിശീലകൻ താരത്തിന്റെ കയ്യിൽ തൊട്ട് സംസാരിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ദേഹത്ത് തൊടേണ്ടതില്ലെന്ന് മാഴ്സെലോ പരിശീലകനോട് പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
അതേത്തുടർന്ന് പരിശീലകൻ താരത്തെ കളിക്കളത്തിലേക്ക് ഇറക്കിയില്ല.ബെഞ്ചിലേക്ക് തന്നെ തിരികെ അയച്ചു. മത്സരശേഷം താരത്തിന്റെ കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് ഫ്ലുമിനൻസ് മാഴ്സെലോയെ ക്ലബ്ബിൽ നിന്ന് പുറത്താക്കുകയും ചെയ്തു.ഇത് ഫുട്ബോൾ ലോകത്ത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ക്ലബ്ബ് പുറത്താക്കിയതിനു ശേഷമുള്ള തന്റെ ആദ്യ പ്രതികരണം മാഴ്സെലോ നടത്തിയിട്ടുണ്ട്.
‘ സത്യം സൂര്യനെ പോലെ ഉദിച്ചുയർന്നു വരും ‘എന്നാണ് മാഴ്സെലോയുടെ പ്രതികരണം. മറ്റൊന്നും തന്നെ അദ്ദേഹം പറഞ്ഞിട്ടില്ല.അതായത് ഈ വിഷയത്തിൽ തന്റെ ഭാഗത്ത് പിഴവുകൾ ഇല്ലെന്നും സത്യം അധികം വൈകാതെ പുറത്തുവരും എന്നുമാണ് ഈ താരം പ്രതികരിച്ചിട്ടുള്ളത്. പക്ഷേ മാഴ്സെലോ ക്ലബ്ബിനകത്ത് ഒരു പ്രശ്നക്കാരനായിരുന്നു എന്നത് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സഹതാരങ്ങളുമായും കോച്ചിംഗ് സ്റ്റാഫുമാരും ബോർഡ് അംഗങ്ങളുമായയൊക്കെ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പരിണിതഫലമായി കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമായിട്ടുള്ളത്.
ഫ്ലുമിനൻസിലൂടെ വളർന്ന മാഴ്സെലോ പിന്നീട് റയൽ മാഡ്രിഡിന് വേണ്ടി ദീർഘകാലം കളിക്കുകയായിരുന്നു.ഈയിടെയാണ് അദ്ദേഹം ഈ ക്ലബ്ബിലേക്ക് തന്നെ തിരിച്ചെത്തിയത്.അതിനുശേഷം 68 മത്സരങ്ങൾ കളിക്കുകയും മൂന്ന് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ ഫ്രീ ഏജന്റായ അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാനുള്ള അധികാരം ഉണ്ട്.