ക്രിസ്റ്റ്യാനോ ഇനി എങ്ങോട്ട്? ഓഫറുകൾ വരുന്നത് ഈ രണ്ടു ക്ലബ്ബുകളിൽ നിന്ന്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ഉപേക്ഷിക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരുന്നു.ക്ലബ്ബിനെതിരെ റൊണാൾഡോ പരസ്യമായി വിമർശനം ഉയർത്തിയതോടുകൂടിയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം യുണൈറ്റഡ് എടുത്തിട്ടുള്ളത്.അതുകൊണ്ടുതന്നെ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോക്ക് ഒരു പുതിയ ക്ലബ്ബിനെ കണ്ടെത്തേണ്ടതുണ്ട്.

കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ റൊണാൾഡോ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ രണ്ട് ക്ലബ്ബുകളാണ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അതിലൊന്ന് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡാണ്.

സൗദി ഉടമസ്ഥരുടെ കീഴിലുള്ള ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ്.ഉടമസ്ഥർക്കാണ് നിലവിൽ താരത്തിന് എത്തിക്കാനുള്ള താല്പര്യം ഉള്ളത്. മാത്രമല്ല ഇവരുടെ തന്നെ ഉടമസ്ഥതയിൽ സൗദിയിൽ അൽ നസ്സ്ർ എന്ന ക്ലബ്ബുണ്ട്. ആ ക്ലബ്ബിലേക്കും റൊണാൾഡോയെ എത്തിക്കാൻ താല്പര്യമുണ്ട്. പക്ഷേ താരം സൗദിയിലേക്ക് വരുമോ എന്നുള്ളത് സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

അതേസമയം റൊണാൾഡോ തന്റെ മുൻ ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിലേക്ക് പോകുമെന്നുള്ള റൂമറുകളും ഇപ്പോൾ സജീവമാണ്. പക്ഷേ സ്പോർട്ടിംഗ് ഏതു രൂപത്തിലുള്ള ഒരു തീരുമാനം എടുക്കും എന്നുള്ളത് കണ്ടറിയണം. ഏതായാലും റൊണാൾഡോയെ സംബന്ധിച്ചിടത്തോളം യൂറോപ്പിലെ ഒരു മുൻനിര ക്ലബ്ബിലേക്ക് ചേക്കേറുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. താരത്തിന്റെ പ്രായം തന്നെയാണ് അതിന് തടസ്സമായി നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *