ക്രിസ്റ്റ്യാനോയെയും മെസ്സിയെയും പിന്തള്ളി, ഫിഫ ബെസ്റ്റ് പ്ലയെർ പുരസ്‌കാരം ലെവന്റോസ്ക്കിക്ക്‌ !

അർഹിച്ച കൈകളിൽ തന്നെ പുരസ്‌കാരമെത്തിച്ചേർന്നു. ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് മെൻസ് പ്ലയെർ ദി ഇയർ പുരസ്‌കാരം ബയേൺ താരം റോബർട്ട്‌ ലെവന്റോസ്ക്കിക്ക്‌. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെ പിന്തള്ളിയാണ് ലെവന്റോസ്ക്കി ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഈ പുരസ്‌കാരം ലെവന്റോസ്ക്കി നേടുന്നത്. കഴിഞ്ഞ സീസണിൽ താരം നടത്തിയ തകർപ്പൻ പ്രകടനമാണ് പുരസ്‌കാരത്തിനർഹനാക്കിയത്.52 പോയിന്റാണ് ലെവന്റോസ്ക്കിക്ക്‌ ലഭിച്ചത്. 38 പോയിന്റുള്ള ക്രിസ്റ്റ്യാനോ രണ്ടാമതും 35 പോയിന്റുള്ള മെസ്സി മൂന്നാമതുമാണ്.

മുപ്പത്തിരണ്ടുകാരനായ താരം കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിലെയും ബുണ്ടസ്ലിഗയിലെയും ടോപ് സ്കോററായിരുന്നു. നാല്പത്തിയേഴ് മത്സരങ്ങളിൽ നിന്ന് 55 ഗോളുകളാണ് ലെവന്റോസ്ക്കി കഴിഞ്ഞ സീസണിൽ നേടിയിരുന്നത്. താരത്തിന്റെ മികവിൽ ചാമ്പ്യൻസ് ലീഗും ബുണ്ടസ്ലിഗയുമുൾപ്പടെയുള്ള കിരീടങ്ങൾ നേടാൻ ബയേണിന് സാധിച്ചിരുന്നു.ഈ സീസണിൽ പതിനാറ് ഗോളുകൾ താരം നേടിക്കഴിഞ്ഞു. പരിശീലകർ, ടീം ക്യാപ്റ്റൻമാർ, ആരാധകർ, മാധ്യമപ്രവർത്തകർ എന്നിവരാണ് വോട്ടിലൂടെ മികച്ച താരത്തെ കണ്ടെത്തിയത്.

അതേസമയം പുരസ്‌കാരം നേടാൻ സാധിച്ചതിൽ താരം സന്തോഷം പ്രകടിപ്പിച്ചു. “മെസ്സിക്കൊപ്പം റൊണാൾഡോക്കൊപ്പം ഇരുന്ന് കൊണ്ട് ഈയൊരു പുരസ്‌കാരം നേടാൻ സാധിച്ചത് അവിശ്വസനീയമാണ്. എന്നെ സംബന്ധിച്ചെടുത്തോളം ഇത് വളരെ കൂടുതലാണ്. ഇത്പോലെയൊന്ന് നേടുമെന്ന് മുമ്പ് തന്നെ എന്റെ മനസ്സ് പറഞ്ഞിരുന്നു. ഇപ്പോൾ അത്‌ പൂർത്തിയായിരിക്കുന്നു. നിങ്ങൾ എവിടുന്ന് വരുന്നു എന്നുള്ളതിന് പ്രധാന്യമില്ല. നിങ്ങൾ എന്ത് ചെയ്യുന്നു എന്നതിനാണ് പ്രാധാന്യം ” ലെവന്റോസ്ക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *