ക്രിസ്റ്റ്യാനോയുടെ പ്രസന്റേഷൻ എന്ന് ? അരങ്ങേറ്റം എന്ന് ? അൽ നസ്റിന്റെ പദ്ധതികൾ ഇങ്ങനെ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത് ഫുട്ബോൾ ലോകത്തിന് ഒരു അത്ഭുതമായിരുന്നു. വലിയ സാലറിയാണ് അദ്ദേഹത്തിന് വേണ്ടി അൽ നസ്ർ നൽകിക്കൊണ്ടിരിക്കുന്നത്. റൊണാൾഡോയുടെ വരവ് ക്ലബ്ബിനു മാത്രമല്ല, സൗദി അറേബ്യൻ ലീഗിന് തന്നെ വലിയ ആവേശമാണ് പകരുക.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലുള്ള അൽ നസ്റിന്റെ പദ്ധതികൾ ഇപ്പോൾ സൗദി അറേബ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് അഥവാ തിങ്കളാഴ്ച റിയാദിൽ എത്തിച്ചേരും. മാഡ്രിഡിൽ നിന്നും പ്രൈവറ്റ് ജെറ്റിലാണ് റൊണാൾഡോ എത്തുക. അതിനുശേഷം മെഡിക്കൽ നടത്തും.

നാളെ നടക്കുന്ന ടീമിന്റെ പരിശീലന സെഷനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കും. നാളെ തന്നെ അദ്ദേഹത്തിന്റെ പ്രസന്റേഷൻ നടത്താനാണ് ക്ലബ്ബിന്റെ പദ്ധതി. എം റസൂൽ പാർക്ക് സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ അവതരണ ചടങ്ങിനുവേണ്ടി 30,000 ത്തോളം ആരാധകർ ഒരുമിച്ചു കൂടുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നാളെ സൗദി സമയം ഏഴുമണിക്കാണ് ഈ അവതരണം ഉണ്ടാവുക.ഇക്കാര്യം ഇപ്പോൾ ഒഫീഷ്യലായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

വരുന്ന ജനുവരി അഞ്ചാം തീയതി അഥവാ വ്യാഴാഴ്ച അൽ നസ്ർ അൽ തായീക്കെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്. ഒരുപക്ഷേ ആ മത്സരത്തിൽ റൊണാൾഡോ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. അല്ലായെങ്കിൽ അൽഷബാബിനെതിരെ ജനുവരി പതിനാലാം തീയതി അൽ നസ്ർ മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ റൊണാൾഡോ തന്റെ അരങ്ങേറ്റം കുറിച്ചേക്കും. ഏതായാലും ആരാധകർ എല്ലാവരും റൊണാൾഡോയുടെ ഏഷ്യൻ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *