ക്രിസ്റ്റ്യാനോയുടെ കരാർ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കൂ : യുണൈറ്റഡിനോട് ഇതിഹാസം.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ നൽകിയ ഒരു അഭിമുഖം വലിയ രൂപത്തിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ റൊണാൾഡോ വലിയ വിമർശനങ്ങൾ ഉയർത്തുകയായിരുന്നു. യുണൈറ്റഡ് തന്നെ ചതിച്ചു എന്നായിരുന്നു റൊണാൾഡോയുടെ ആരോപണം. മാത്രമല്ല പരിശീലകരായ എറിക്ക് ടെൻ ഹാഗ്,റാൾഫ് റാഗ്നിക്ക് എന്നിവരെയും റൊണാൾഡോ വിമർശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് റൊണാൾഡോയുടെ കരാർ ടെർമിനേറ്റ് ചെയ്തുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കുകയാണ് നിലവിൽ യുണൈറ്റഡ് ചെയ്യേണ്ടത് എന്നാണ് നെവിൽ പറഞ്ഞിട്ടുള്ളത്.സ്‌കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നെവിലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റൊണാൾഡോ ഇനി യുണൈറ്റഡിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം ഈ അഭിമുഖം നൽകാൻ പാടില്ലായിരുന്നു. ഈ ഇന്റർവ്യൂ അദ്ദേഹത്തിന്റെ യുണൈറ്റഡ് കരിയറിന് അന്ത്യം കുറയ്ക്കുമെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. ഞാൻ യുണൈറ്റഡ് എന്താണ് ചെയ്യുന്നത് എന്നാണ് ഉറ്റുനോക്കുന്നത്. റൊണാൾഡോയുടെ കരാർ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കണം എന്നുള്ളത് യുണൈറ്റഡ് തന്നെ അറിയാം. അല്ല എന്നുണ്ടെങ്കിൽ ഭാവിയിൽ താരങ്ങൾ ഇതുപോലെ ക്ലബ്ബിൽ നിന്നുകൊണ്ട് തന്നെ ക്ലബ്ബിനെതിരെ വിമർശനങ്ങൾ ഉയർത്തിയേക്കും. റൊണാൾഡോക്ക് യുണൈറ്റഡിൽ നല്ല രൂപത്തിൽ പോകാമായിരുന്നു. റൊണാൾഡോ പറഞ്ഞ ചില കാര്യങ്ങളോട് എനിക്ക് യോജിപ്പുണ്ട്.പക്ഷേ അദ്ദേഹം പറഞ്ഞ രീതി ശരിയല്ല.അദ്ദേഹം ഇനി ചെയ്യേണ്ടത് യുണൈറ്റഡ് കരിയർ അവസാനിപ്പിക്കുക എന്നുള്ളതാണ്. യുണൈറ്റഡ് അത് ചെയ്യുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങളില്ല ” ഇതാണ് ഗാരി നെവിൽ പറഞ്ഞിട്ടുള്ളത്.

ഏതായാലും നിലവിൽ ഖത്തർ വേൾഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ് റൊണാൾഡോ ഉള്ളത്. അദ്ദേഹം ഇനി യുണൈറ്റഡിൽ തുടരുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *