ക്യാപ്റ്റൻസി വിവാദത്തിൽ കോർട്ടുവ ടീം വിട്ട സംഭവം, എല്ലാവരും കടുത്ത അസ്വസ്ഥരാണെന്ന് കരാസ്ക്കോ!

കഴിഞ്ഞ ഓസ്ട്രിയക്കെതിരെയുള്ള യുറോ യോഗ്യത മത്സരത്തിൽ ബെൽജിയം സമനില വഴങ്ങിയിരുന്നു.ഈ മത്സരത്തിൽ ബെൽജിയത്തിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിരുന്നത് സൂപ്പർ താരം റൊമേലു ലുക്കാക്കുവായിരുന്നു. ഈ മത്സരത്തിനുശേഷം അവരുടെ ഗോൾകീപ്പറായ കോർട്ടുവ ടീം വിടുകയും ചെയ്തിരുന്നു. ക്യാപ്റ്റൻ സ്ഥാനം ലഭിക്കാത്തതിനാലാണ് കോർട്ടുവ ടീം വിട്ടതെന്നും അടുത്ത മത്സരത്തിൽ കോർട്ടുവയെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചിരുന്നുവെന്നും ബെൽജിയത്തിന്റെ പരിശീലകൻ പറഞ്ഞിരുന്നു.

എന്നാൽ ഇതെല്ലാം നിരസിച്ചു കൊണ്ട് കോർട്ടുവ പരസ്യമായി രംഗത്ത് വന്നിരുന്നു. ക്യാപ്റ്റൻസിൽ വിവാദമില്ലെന്നും പരിക്കുള്ളതിനാലാണ് ടീം വിട്ടത് എന്നുമായിരുന്നു ഈ ഗോൾകീപ്പറുടെ വിശദീകരണം. ഏതായാലും ബെൽജിയത്തിന്റെ മറ്റൊരു സൂപ്പർതാരമായ യാനിക്ക് കരാസ്ക്കോ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്.കോർട്ടുവ ടീം വിടാനുള്ള കാരണങ്ങളിലൊന്ന് ക്യാപ്റ്റൻസി തന്നെയാണെന്നും ടീം അംഗങ്ങൾ ഒന്നടങ്കം അസ്വസ്ഥരാണെന്നുമാണ് കരാസ്ക്കോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഏറെക്കുറെ മനസ്സിലായി. പരിശീലകനുമായി ഞങ്ങൾ ഒരു മീറ്റിംഗ് നടത്തി.കോർട്ടുവയോട് ഞങ്ങൾ സംസാരിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ഞങ്ങൾ നിരാശരും അസ്വസ്ഥരുമാണ്.ഞങ്ങളുടെ ടീമിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് അദ്ദേഹം.മൂന്ന് ക്യാപ്റ്റന്മാരിൽ ഒരാൾ.സ്വന്തം വ്യക്തിത്വം കൊണ്ടാണ് നിങ്ങൾ ക്യാപ്റ്റൻ ആണെന്നും ലീഡർ ആണെന്നും തെളിയിക്കേണ്ടത്.അദ്ദേഹമാണ് ടീം വിടാൻ തീരുമാനിച്ചത്. ക്യാപ്റ്റൻ സ്ഥാനം ലഭിക്കാത്തതിൽ അദ്ദേഹത്തിന് നാണക്കേട് തോന്നിയോ ഇല്ലയോ എന്നുള്ളത് ഞങ്ങൾക്കറിയില്ല. പക്ഷേ അദ്ദേഹം ടീം വിടാനുള്ള കാരണങ്ങളിൽ ഒന്ന് ഈ ക്യാപ്റ്റൻസി വിവാദം തന്നെയാണ് ” ഇതാണ് കരാസ്ക്കോ പറഞ്ഞിട്ടുള്ളത്.

കോർട്ടുവയുടെ അഭാവത്തിലായിരുന്നു എസ്റ്റോണിയയെ ബെൽജിയം നേരിട്ടത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആ മത്സരത്തിൽ അവർ വിജയിച്ചത്. സൂപ്പർ താരം ലുക്കാക്കു മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *