കോമാളി,സ്വന്തം രാജ്യത്തെ നാണം കെടുത്തി : എമി മാർട്ടിനെസിനെതിരെ രൂക്ഷവിമർശനവുമായി സോനെസ്സ്

ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിൽ പ്രധാനിയാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ താരത്തിന്റെ നിർണായക സേവുകളാണ് അർജന്റീനക്ക് രക്ഷക്ക് എത്തിയത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

എന്നാൽ ഗോൾഡൻ ഗ്ലോവ് പുരസ്കാരം നേടിയതിനു ശേഷം ആ വേദിയിൽ വെച്ച് എമി നടത്തിയ സെലിബ്രേഷൻ വലിയ രൂപത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സ്കോട്ടിഷ് ഇതിഹാസമായ ഗ്രയിം സോനസും ഇതിനെതിരെ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്.എമി മാർട്ടിനസ് സ്വയം ഒരു കോമാളിയായി മാറിയെന്നും സ്വന്തം രാജ്യത്തെ അദ്ദേഹം നാണം കെടുത്തി എന്നുമാണ് സോനസ് ആരോപിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റീന ഗോൾ കീപ്പറുടെ പെരുമാറ്റത്തെ കുറിച്ച് വലിയ ചർച്ചകൾ ഇവിടെ നടക്കുന്നുണ്ട്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയതിനുശേഷം ഉള്ള അദ്ദേഹത്തിന്റെ ആ പ്രവർത്തി കൂടുതൽ ചർച്ച ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്.അതൊരിക്കലും തമാശയല്ല. മറിച്ച് അദ്ദേഹം സ്വയവും തന്റെ രാജ്യത്തെയും നാണം കെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ഒരു കോമാളിയെ പോലെയായിരുന്നു എമി പെരുമാറിയിരുന്നത്.ഒരു ഗോൾകീപ്പർ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.പക്ഷേ അദ്ദേഹത്തിന്റെ ഈ പ്രവർത്തി ഒരിക്കലും വിശ്വസിക്കാൻ കഴിയാത്തതാണ്.അത്രയും വലിയ വ്യക്തിത്വങ്ങളുടെ മുന്നിൽ വെച്ച് ആ ഒരു സെലിബ്രേഷൻ നടത്താൻ എന്തുകൊണ്ടാണ് അദ്ദേഹം തീരുമാനിച്ചത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല. നിർഭാഗ്യവശാൽ ആ ചിത്രവും ഇപ്പോൾ ഫൈനലിന്റെ ഭാഗമായിരിക്കുകയാണ് ” ഇതാണ് സോനസ്‌ പറഞ്ഞിട്ടുള്ളത്.

കൂടാതെ കിലിയൻ എംബപ്പേക്കെതിരെയുള്ള എമിയുടെ അധിക്ഷേപവും ഇദ്ദേഹം വിമർശനങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്. ഏതായാലും വേൾഡ് കപ്പ് വിജയത്തിന് ശേഷം എമി നടത്തിയ പ്രവർത്തികൾ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *