കോപ്പ ബ്രസീലിൽ തന്നെ നടത്താമെന്ന് പ്രസിഡന്റ്‌, മീറ്റിംഗ് ബഹിഷ്കരിച്ച് ക്യാപ്റ്റൻമാർ!

കോപ്പ അമേരിക്ക ബ്രസീലിൽ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. കോപ്പ നടത്തുന്നതിനെതിരെ രാജ്യത്തിനകത്ത് തന്നെ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ഈയൊരു അവസരത്തിൽ കഴിഞ്ഞ ദിവസം കോൺമെബോൾ ഒരു ടെലികോൺഫറൻസ് സംഘടിപ്പിച്ചിരുന്നു.വോയിസ് കോൾ വഴിയായിരുന്നു ഈ മീറ്റിങ് സംഘടിപ്പിച്ചിരുന്നത്.ബ്രസീലിയൻ പ്രസിഡന്റ്‌ ജൈർ ബോൾസൊനാരോ ഈ യോഗത്തിൽ പങ്കെടുക്കുകയും കോൺമെബോൾ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ബ്രസീലിൽ വെച്ച് കോപ്പ അമേരിക്ക നടത്തുന്നതിന് പൂർണ്ണ പിന്തുണയും സഹകരണവും അദ്ദേഹം കോൺമെബോളിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇക്കാര്യം അറിയിച്ചു കൊണ്ട് അദ്ദേഹം യോഗത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. കൂടാതെ സിബിഎഫിനെ പ്രതിനിധീകരിച്ചു കൊണ്ട് പ്രസിഡന്റ്‌ കബോക്ലോയും പങ്കെടുത്തിരുന്നു.

കോപ്പ അമേരിക്ക ബ്രസീലിൽ വെച്ച് നടത്താൻ തന്നെയാണ് കോൺമെബോളിന്റെ തീരുമാനം. സിബിഎഫ് ഇതിനെ പിന്തുണക്കുന്നുമുണ്ട്. പക്ഷേ താരങ്ങൾക്കാണ് എതിർപ്പുള്ളത്. ഇന്നലെ വിളിച്ച ടെലികോൺഫറൻസ് യോഗത്തിൽ പങ്കെടുക്കാൻ കോപ്പ അമേരിക്കയിലെ പത്ത് രാജ്യങ്ങളുടെയും ക്യാപ്റ്റൻമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഒരാൾ പോലും പങ്കെടുത്തില്ല എന്നാണ് റിപ്പോർട്ടുകൾ. 10 ക്യാപ്റ്റൻമാരും ഇത് ബഹിഷ്കരിക്കുകയാണ് ചെയ്തത്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇതിന്റെ ഉറവിടം.കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ ബ്രസീലിൽ വച്ച് നടക്കുന്ന കോപ്പയിൽ പങ്കെടുക്കാൻ പല താരങ്ങൾക്കും താൽപര്യമില്ല എന്നാണ് കണ്ടെത്തൽ. ഏതായാലും ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമേ കോപക്ക് അവശേഷിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ ഉടൻതന്നെ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *