കോപ്പ അമേരിക്ക പ്രതിസന്ധി : ‘മാനിഫെസ്റ്റോ’ തയ്യാറാക്കാൻ ബ്രസീൽ താരങ്ങൾ!

കോപ്പ അമേരിക്ക ബ്രസീലിൽ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബ്രസീൽ താരങ്ങൾ ഇപ്പോഴും തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെറ്റിധാരണകളും വിവാദങ്ങളും ഒഴിവാക്കാൻ വേണ്ടി ഒരു മാനിഫെസ്റ്റോ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് ബ്രസീലിയൻ താരങ്ങൾ. ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.കോപ്പ അമേരിക്കയിൽ പങ്കെടുക്കേണ്ട എന്ന താരങ്ങളുടെ തീരുമാനം രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു മാനിഫെസ്റ്റോ തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കോപ്പയിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്ന താരങ്ങളുടെ നിലപാടിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഈ തീരുമാനം ബ്രസീലിയൻ പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണെന്നും അതല്ല സിബിഎഫ് പ്രസിഡന്റിനെതിരെയുള്ള പോരാട്ടമാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്.

നിലവിൽ ബ്രസീലിലെ രാഷ്ട്രീയസ്ഥിതികൾ പ്രതിസന്ധിയിലാണ്. ബ്രസീലിയൻ പ്രസിഡന്റിനെതിരെ വ്യാപകമായി പ്രതിഷേധമുയരുന്ന സമയത്താണ് ബ്രസീൽ താരങ്ങൾ ഈയൊരു തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ തങ്ങളുടെ തീരുമാനം രാഷ്ട്രീയപ്രേരിതമല്ലെന്നും ഇക്കാര്യത്തിന് രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ല എന്നുമാണ് ഈ മാനിഫെസ്റ്റോയിൽ ബ്രസീൽ താരങ്ങൾ വ്യക്തമാക്കുക.ടിറ്റെ ഉൾപ്പെടുന്ന എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് ഇത്‌ തയ്യാറാക്കുക എന്നാണ് അറിയാൻ കഴിയുന്നത്.ഇത്‌ പബ്ലിഷ് ചെയ്യുന്ന തിയ്യതി വ്യക്തമല്ല.പരാഗ്വക്കെതിരെയുള്ള മത്സരത്തിന് ശേഷമായിരിക്കും ഒരുപക്ഷെ ഇത്‌ പുറത്ത് വിടുക. പ്രശ്നത്തിന് പരിഹാരം കാണാനായി ചെറിയ രൂപത്തിലുള്ള ചർച്ചകൾ ഒക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *