കോടതിവിധി അനുകൂലം, ഒടുവിൽ കേസ് ജയിച്ച് നെയ്മർ!
കരിയറിൽ പലപ്പോഴും നെയ്മർ ജൂനിയർക്ക് വിവാദങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. സമീപകാലത്ത് ഏറ്റവും കൂടുതൽ അദ്ദേഹത്തിന് തലവേദന സൃഷ്ടിച്ചിരുന്നത് റിയോ ഡി ജെനീറോയിലെ അദ്ദേഹത്തിന്റെ ആഡംബര വീട് തന്നെയായിരുന്നു. ആ വീടിനോട് അനുബന്ധിച്ച് നെയ്മർ ജൂനിയർ ഒരു കൃത്രിമ തടാകം നിർമ്മിച്ചിരുന്നു. എന്നാൽ ഇത് അനധികൃതമാണെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണെന്നും ആരോപിക്കപ്പെട്ട് നെയ്മർക്ക് കേസ് നേരിടേണ്ടി വരുകയും ചെയ്തിരുന്നു.
വലിയ ഒരു തുക പിഴയായി കൊണ്ട് നെയ്മർക്ക് ചുമത്തുകയും ചെയ്തിരുന്നു. മംഗരാത്തിബ എന്ന നഗരത്തിലെ മുനിസിപ്പൽ സിറ്റി ഹാളാണ് നെയ്മർ ജൂനിയർക്കെതിരെ കേസ് നൽകിയിരുന്നത്.എന്നാൽ ഈ കേസിൽ വിജയം സ്വന്തമാക്കാൻ നെയ്മർ ജൂനിയർക്ക് കഴിഞ്ഞിട്ടുണ്ട്. കോടതിവിധി താരത്തിന് അനുകൂലമാവുകയായിരുന്നു. പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നെയ്മറുടെ കൃത്രിമ തടാകം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നില്ല എന്ന് സ്റ്റേറ്റ് എൻവിറോൺമെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തുകയായിരുന്നു. തടാകം നിർമ്മിക്കാൻ വേണ്ടി നെയ്മർ മരങ്ങളെ നശിപ്പിച്ചിട്ടില്ലെന്നും ഇവർ കണ്ടെത്തി.തുടർന്ന് ഇവരുടെ റിപ്പോർട്ട് നെയ്മർക്ക് അനുകൂലമായിരുന്നു. അതനുസരിച്ചാണ് ഇപ്പോൾ കോടതിവിധി നെയ്മർക്ക് അനുകൂലമായിട്ടുള്ളത്. അതേസമയം മാനഹാനി ഉണ്ടാക്കിയതിൽ നെയ്മർ ജൂനിയർ നഷ്ടപരിഹാരത്തിന് വേണ്ടി സമീപിക്കുമെന്നും അദ്ദേഹത്തിന്റെ നിയമ വിഭാഗം അറിയിച്ചിട്ടുണ്ട്.
നിലവിൽ സൗദി അറേബ്യയിലാണ് നെയ്മർ ജൂനിയർ ഉള്ളത്. എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ വേണ്ടിയുള്ള കഠിന പരിശ്രമങ്ങളിലാണ് താരം ഉള്ളത്. കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് നഷ്ടമായിരുന്നു.ഗുരുതരമായി പരിക്കേറ്റ നെയ്മർ ഒരു വർഷത്തോളമായി കളിക്കളത്തിന് പുറത്താണ്.