കെയ്നിന്റെ കിരീട ശാപം ഇന്ന് അവസാനിക്കുമോ? എല്ലാം കൈമാറാൻ തയ്യാറാണെന്ന് താരം!
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടും സ്പെയിനും തമ്മിലാണ് മാറ്റുരക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ജർമ്മനിയിലെ ബെർലിനാണ് ഈ കലാശ പോരാട്ടത്തിന് വേദിയാകുന്നത്.
ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ ഈ യൂറോയിൽ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടില്ല. പക്ഷേ ഫൈനൽ മത്സരത്തിൽ വിജയിച്ചു കൊണ്ട് തന്റെ കിരീടമില്ലാ ശാപത്തിന് അറുതി വരുത്താനാണ് കെയ്ൻ ഉദ്ദേശിക്കുന്നത്. 14 വർഷത്തോളമായി അദ്ദേഹം ഫുട്ബോൾ താരമായി കൊണ്ട് കളിക്കളത്തിൽ ഉണ്ട്.642 മത്സരങ്ങൾ അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ക്ലബ്ബ് തലത്തിലോ രാജ്യാന്തര തലത്തിലോ ഒരൊറ്റ കിരീടം പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇന്നത്തോടെ ആ ശാപത്തിന് അറുതി വരുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.
ഇതേക്കുറിച്ച് ചില കാര്യങ്ങൾ കെയ്ൻ പറഞ്ഞിട്ടുണ്ട്. ഇതുവരെ താൻ നേടിയ വ്യക്തിഗത നേട്ടങ്ങൾ എല്ലാം തന്നെ ഈ കിരീടത്തിനായി കൈമാറാൻ തയ്യാറാണ് എന്നാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഒരു കിരീടം നേടിയിട്ടില്ല എന്നത് ഒരു രഹസ്യം ഒന്നുമല്ല. പക്ഷേ അത് മാറ്റിയെടുക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.എന്റെ രാജ്യത്തിനൊപ്പം വലിയ ഒരു നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് എനിക്കിപ്പോൾ വന്നുചേർന്നിരിക്കുന്നത്. ഒരു സംശയവും വേണ്ട, എന്റെ കരിയറിൽ ഇതുവരെ ഞാൻ നേടിയതെല്ലാം ഈ കിരീടത്തിന് വേണ്ടി കൈമാറാൻ ഞാൻ തയ്യാറാണ്. ഈ ഫൈനൽ മത്സരം എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സ്പെഷ്യലായിരിക്കും “ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.
പക്ഷേ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കിരീടം നേടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്തെന്നാൽ തകർപ്പൻ ഫോമിലാണ് ഇപ്പോൾ സ്പെയിൻ കളിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച സമ്പൂർണ്ണരായി കൊണ്ടാണ് സ്പെയിൻ കലാശ പോരാട്ടത്തിന് വരുന്നത്.