കൂവിയത് ഒട്ടും ശരിയായില്ല,എംബപ്പേക്ക് ജീവിതം തന്നെയില്ല : ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി കൊനാറ്റെ

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് വലിയ വിമർശനങ്ങളാണ് ഇപ്പോൾ കേൾക്കേണ്ടിവരുന്നത്. പരിക്കിൽ എന്നും പൂർണ്ണമായും മുക്തനാവാൻ വേണ്ടി ഫ്രഞ്ച് ടീമിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നു.എന്നാൽ കഴിഞ്ഞ മത്സരങ്ങൾ റയൽ മാഡ്രിഡിന് വേണ്ടി അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫ്രഞ്ച് ആരാധകർ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ വലിയ രൂപത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. വലിയ അളവിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ എംബപ്പേക്ക് ഇക്കാര്യത്തിൽ ലഭിച്ചിരിക്കുന്നത്.

മാത്രമല്ല ലില്ലിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എംബപ്പേ കളിക്കാൻ ഇറങ്ങിയിരുന്നു.ആ സമയത്ത് ഫ്രാൻസിലെ ആരാധകർ തന്നെ അദ്ദേഹത്തെ കൂവി വിളിച്ചിരുന്നു. ഏതായാലും എംബപ്പേ ഇപ്പോൾ അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഫ്രഞ്ച് സഹതാരമായ ഇബ്രാഹിമ കൊനാറ്റെ സംസാരിച്ചിട്ടുണ്ട്.എംബപ്പേക്ക് ഇപ്പോൾ ഒരു ശരിയായ ജീവിതം തന്നെ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഫ്രഞ്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയുടെ സ്ഥാനത്ത് നിങ്ങൾ നിങ്ങളെത്തന്നെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക. നമുക്ക് ഒരിക്കലും താങ്ങാൻ കഴിയാത്ത അത്ര പ്രഷറാണ് അദ്ദേഹത്തിന് ഉള്ളത്.അതിനെയെല്ലാം മാനേജ് ചെയ്തു കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അത് അദ്ദേഹം തുടരുക തന്നെ ചെയ്യും. ഒരുപക്ഷേ അദ്ദേഹം മാനസികമായി തകർന്നിട്ടുണ്ടാവാം. അതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കേണ്ടതുണ്ട്. സത്യം പറഞ്ഞാൽ എംബപ്പേക്ക് ഇപ്പോൾ ഒരു ജീവിതവുമില്ല. വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ഇത്.ലില്ലിയിൽ എന്തിനാണ് അദ്ദേഹത്തെ കൂവിയത് എന്നുള്ളത് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. സ്വന്തം രാജ്യത്തെ കൂവൽ ഏൽക്കേണ്ടി വരിക എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണ്. അതൊരിക്കലും ശരിയായ കാര്യമല്ല ” ഇതാണ് കൊനാറ്റെ പറഞ്ഞിട്ടുള്ളത്.

എംബപ്പേയുടെ അഭ്യർത്ഥനപ്രകാരമാണ് ദെഷാപ്സ് അദ്ദേഹത്തെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയത്.റയൽ മാഡ്രിഡിൽ പൂർണ്ണ മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാൽ പോലും കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച റയൽ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് എംബപ്പേ തന്നെയാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം പൂർണ മികവിലേക് എത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *