കാൻസറിനെ അതിജീവിച്ചു,ഇന്ന് ഐവറി കോസ്റ്റിന്റെ വിജയനായകൻ, പൊട്ടിക്കരഞ്ഞ് സെബാസ്റ്റ്യൻ ഹാലർ!

ഇന്നലെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയിച്ചുകൊണ്ട് ഐവറി കോസ്റ്റ് ജേതാക്കളാവുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഐവറി കോസ്റ്റ് കരുത്തരായ നൈജീരിയയെ തോൽപ്പിച്ചിട്ടുള്ളത്.ആദ്യം നൈജീരിയയായിരുന്നു ലീഡ് എടുത്തത്.എന്നാൽ പിന്നീട് രണ്ടു ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് കിരീടം ഐവറി കോസ്റ്റ് സ്വന്തമാക്കുകയായിരുന്നു. ഇവരുടെ വിജയ ഗോൾ നേടിയത് സൂപ്പർ താരം സെബാസ്റ്റ്യൻ ഹാലറാണ്.

മത്സരത്തിന്റെ 81ആം മിനിട്ടിലാണ് ഹാലർ വിജയഗോൾ കണ്ടെത്തിയത്. മത്സരശേഷം സംസാരിക്കുന്നതിനിടയിൽ ഇദ്ദേഹം പൊട്ടിക്കരഞ്ഞിട്ടുമുണ്ട്. വലിയ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ് സെബാസ്റ്റ്യൻ ഹാലർ ഇന്ന് ഈ സുവർണ്ണ നേട്ടത്തിൽ എത്തിയിരിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു അദ്ദേഹം ക്യാൻസർ ബാധിതനാണ് എന്ന് തിരിച്ചറിയുന്നത്. ടെസ്റ്റികുലാർ ക്യാൻസറായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നത്.പിന്നീട് അദ്ദേഹം ചികിത്സയിലേക്ക് പ്രവേശിക്കുകയായിരുന്നു.

2023 ജനുവരി മാസത്തിലാണ് പിന്നീട് അദ്ദേഹം തിരിച്ചെത്തിയത്.ക്യാൻസറിനെ അതിജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഡോർട്മുണ്ടിന് വേണ്ടിയും ഐവറി കോസ്റ്റിന് വേണ്ടിയും അദ്ദേഹം കളിക്കളത്തിലേക്ക് ഇറങ്ങി. ഈ നേഷൻസ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ഐവറി കോസ്റ്റ് നടത്തിയിരുന്നത്.പക്ഷേ പിന്നീട് അവർ മികവിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ സെമിഫൈനൽ മത്സരത്തിൽ ഹാലർ നേടിയ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് ഫൈനലിൽ എത്തിയത്. ഇപ്പോൾ ഫൈനലിലും അദ്ദേഹം ഹീറോയായി മാറി.ഇങ്ങനെ ഒരു വിരോചിത തിരിച്ചുവരവ് തന്നെയാണ് അദ്ദേഹം ജീവിതത്തിലും കളിക്കളത്തിലും കാഴ്ചവെച്ചിട്ടുള്ളത്. മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് കാലം ഞങ്ങൾ സ്വപ്നം കണ്ടിരുന്ന ഒരു നിമിഷമാണിത്.ഈ മത്സരം ഒരിക്കലും എളുപ്പമായിരുന്നില്ല. ഈ കിരീടം രാജ്യം അർഹിക്കുന്നതാണ്.അവസാനം വരെ ഞങ്ങളെല്ലാവരും അടിയുറച്ച് വിശ്വസിച്ചിരുന്നു. എന്റെ സഹതാരങ്ങൾ എന്നെ വളരെയധികം പുഷ് ചെയ്തിരുന്നു. ഞാൻ അവരോട് നന്ദി പറയുന്നു ” ഇതാണ് ഹാലർ പറഞ്ഞിട്ടുള്ളത്. ഏതായാലും ഈ വിജയ നായകന് ഫുട്ബോൾ ലോകത്തിന്റെ പ്രശംസകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *