കാത്തിരിപ്പിന് വിരാമം, നാലര വർഷത്തിനുശേഷം ആദ്യമായി ഫ്രീകിക്ക് ഗോൾ നേടി ബ്രസീൽ!
സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണ്.ഈ കോപ്പ അമേരിക്കയിലും മോശം പ്രകടനം തന്നെയാണ് ബ്രസീൽ നടത്തുന്നത്.രണ്ട് സമനില വഴങ്ങിയ അവർ ഒരു വിജയം കരസ്ഥമാക്കിയിട്ടുണ്ട്.ഗ്രൂപ്പിൽ രണ്ടാമതായി കൊണ്ടാണ് ബ്രസീൽ ഫിനിഷ് ചെയ്തിട്ടുള്ളത്. അടുത്ത ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഉറുഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ.
ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിനെ കൊളംബിയ സമനിലയിൽ തളക്കുകയായിരുന്നു.മത്സരത്തിൽ ബ്രസീലാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ഒരു കിടിലൻ ഫ്രീകിക്കിലൂടെ റാഫീഞ്ഞ ഗോൾ കണ്ടെത്തുകയായിരുന്നു. എന്നാൽ ആദ്യപകുതിയുടെ അവസാനത്തിൽ കൊളംബിയ സമനില പിടിച്ചെടുത്തു. മുനോസ് നേടിയ ഗോളാണ് അവർക്ക് സമനില നൽകിയത്.
റാഫീഞ്ഞയുടെ ഫ്രീകിക്ക് എടുത്ത് പറയേണ്ട ഒന്നാണ്. കാരണം ബ്രസീലിന്റെ വലിയ ഒരു കാത്തിരിപ്പിനാണ് അത് വിരാമം കുറിച്ചിട്ടുള്ളത്. അതായത് ഒരു ഡയറക്ട് ഫ്രീകിക്ക് ഗോൾ ബ്രസീൽ നേടിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ നാലര വർഷത്തിനുശേഷമാണ് ഇപ്പോൾ ബ്രസീൽ ഫ്രീകിക്കിലൂടെ ഗോൾ നേടുന്നത്. 48 മത്സരങ്ങൾക്ക് ശേഷമാണ് ഒരു ബ്രസീൽ താരം ഫ്രീകിക്ക് ഗോൾ സ്വന്തമാക്കുന്നത്.
ഇതിനു മുൻപ് 2019 ലാണ് ബ്രസീലിന്റെ ഫ്രീകിക്ക് ഗോൾ പിറന്നത്. സൗത്ത് കൊറിയക്കെതിരെയുള്ള മത്സരത്തിൽ ഫിലിപ്പെ കൂട്ടിഞ്ഞോയായിരുന്നു ബ്രസീലിന്റെ ഫ്രീകിക്ക് ഗോൾ നേടിയത്. അതിനു മുൻപ് 2014 ലായിരുന്നു ബ്രസീൽ ഫ്രീകിക്ക് ഗോൾ നേടിയത്. അന്ന് കൊളംബിയക്കെതിരെ നെയ്മറായിരുന്നു നേടിയിരുന്നത്. ആ വർഷം തന്നെ നെയ്മർ പനാമക്കെതിരെ ഒരു ഫ്രീകിക്ക് ഗോൾ നേടിയിട്ടുണ്ട്. കൂടാതെ ഡേവിഡ് ലൂയിസ് വേൾഡ് കപ്പിലും ഒരു ഫ്രീകിക്ക് ഗോൾ നേടിയിരുന്നു.ഒരുകാലത്ത് നിരവധി ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ്മാർ ഉണ്ടായിരുന്ന ബ്രസീലിന്റെ നാഷണൽ ടീം ഇപ്പോൾ ഫ്രീകിക്ക് ഗോളുകൾ നേടാനാവാതെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.