കവാനിയെയും സുവാരസിനെയും സൂക്ഷിക്കണം, സഹതാരങ്ങൾക്ക്‌ മുന്നറിയിപ്പുമായി സിൽവ !

കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു കൊണ്ട് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ കാനറിക്കൂട്ടത്തിന് സാധിച്ചിരുന്നു. മത്സരത്തിൽ ഫിർമിനോയായിരുന്നു ബ്രസീലിന്റെ വിജയഗോൾ നേടിയത്. ഇനി ഉറുഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. കൊളംബിയയെ മൂന്ന് ഗോളുകൾക്ക്‌ തകർത്തു കൊണ്ടാണ് ഉറുഗ്വയുടെ വരവ്. അതിനാൽ ഉറുഗ്വ ബ്രസീലിന് വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുതന്നെയാണ് ബ്രസീലിന്റെ പ്രതിരോധനിര താരമായ തിയാഗോ സിൽവക്ക്‌ പറയാനുള്ളത്. ബുദ്ധിമുട്ടേറിയ മത്സരമായിരിക്കുമെന്നാണ് സിൽവ ടീം അംഗങ്ങളെ ഓർമ്മപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ലൂയിസ് സുവാരസും എഡിൻസൺ കവാനിയുമടങ്ങുന്ന മുന്നേറ്റനിരയെ സൂക്ഷിക്കണമെന്നാണ് സിൽവ പറയുന്നത്. മത്സരത്തിൽ ഇരുടീമുകൾക്കും തുല്യസാധ്യതയാണ് ഉള്ളതെന്നും തുടക്കത്തിൽ തന്നെ ഗോൾ നേടാൻ കഴിഞ്ഞാൽ മത്സരം വരുതിയിലാക്കാൻ സാധിക്കുമെന്നും സിൽവ കൂട്ടിച്ചേർത്തു.

” കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ ആധിപത്യം പുലർത്തി കളിക്കാൻ തന്നെയാണ് ഉറുഗ്വക്കെതിരെയും ഞങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. പക്ഷെ അവരുടെ രണ്ട് മുന്നേറ്റനിര താരങ്ങളെ ഞങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. കവാനിക്കൊപ്പം ഏഴ് വർഷത്തോളം ഒരുമിച്ച് കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എനിക്കദ്ദേഹത്തെ നന്നായിയറിയാം. തന്നോട് നൂറ് ശതമാനം നീതി പുലർത്തുന്ന താരമാണ് കവാനി. ഏത് നിമിഷവും തീരുമാനമെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. അദ്ദേഹം കൊളംബിയക്കെതിരെ ഗോൾ നേടിയിട്ടുണ്ട്. ഒരു സ്കില്ലിലൂടെയാണ് ഗോൾ നേടിയത്. എനിക്ക് സുവാരസിനെ അറിയാം. ഞങ്ങൾ തമ്മിൽ മുമ്പും പോരടിച്ചിട്ടുണ്ട്. വളരെ ബുദ്ധിമുട്ടേറിയ താരമാണ് അദ്ദേഹം. താരത്തിന്റെ ടെക്നിക്കൽ ക്വാളിറ്റി മികച്ചതാണ്. ഇത് വലിയൊരു മത്സരമായിരിക്കും. ഇരുടീമുകൾക്കും തുല്യമായ വിജയസാധ്യതയാണ് ഉള്ളത് ” സിൽവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *