കയറിക്കൂടിയത് കഷ്ടിച്ച്, പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ സെനഗലിനെ പുറത്താക്കി ഐവറി കോസ്റ്റ്!

ആഫ്രിക്കൻ നേഷൻസ് കപ്പിൽ മറ്റൊരു സംഭവബഹുലമായ മത്സരം കൂടി സംഭവിച്ചിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ സെനഗൽ പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ടു കൊണ്ട് പുറത്തായിരിക്കുന്നു.ഐവറി കോസ്റ്റാണ് സെനഗലിനെ ടൂർണമെന്റിൽ നിന്നും പുറത്താക്കിയിട്ടുള്ളത്. ഇതോടുകൂടി സൂപ്പർതാരം സാഡിയോ മാനെ ഇനി ആഫ്ക്കോണിൽ ഇല്ല. ഈജിപ്ത് പുറത്തായതോടുകൂടി സലായുടെ ആഫ്ക്കോൺ മോഹങ്ങളും അവസാനിച്ചിരുന്നു.

വളരെ മോശം പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഐവറി കോസ്റ്റ് നടത്തിയിരുന്നത്.ആദ്യം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവർ വിജയിച്ചിരുന്നു.രണ്ടാമത്തെ മത്സരത്തിൽ നൈജീരിയയോട് അവർ പരാജയപ്പെട്ടു.മൂന്നാമത്തെ മത്സരത്തിൽ ഒരു നാണംകെട്ട തോൽവിയാണ് അവർക്ക് വഴങ്ങേണ്ടി വന്നിരുന്നത്.ഇക്വിറ്റോറിയൽ ഗിനിയ അവരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ ഐവറി കോസ്റ്റ് തങ്ങളുടെ പരിശീലകനെ പുറത്താക്കുകയും ചെയ്തു.

വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും കഷ്ടിച്ചുകൊണ്ട് പ്രീ ക്വാർട്ടർ പ്രവേശനം നേടാൻ അവർക്ക് സാധിക്കുകയായിരുന്നു. ഏറ്റവും മികച്ച നാലാമത്തെ മൂന്നാം സ്ഥാനക്കാരായി കൊണ്ടാണ് അവർ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. മത്സരത്തിൽ സെനഗൽ അനായാസ വിജയം സ്വന്തമാക്കി കൊണ്ട് മുന്നേറും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. തുടക്കത്തിൽ തന്നെ മാനെയുടെ അസിസ്റ്റിൽ നിന്നും ഡയാലോ ഗോൾ നേടിക്കൊണ്ട് സെനഗലിനെ എത്തിച്ചിരുന്നു. പക്ഷേ ഏറ്റവും അവസാനത്തിൽ ഫ്രാങ്ക് കെസ്സി പെനാൽറ്റി ഗോളിലൂടെ ഐവറി കോസ്റ്റിനെ സമനിലയിൽ എത്തിച്ചു.

പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് സെനഗലിനെ ഐവറി കോസ്റ്റ് പരാജയപ്പെടുത്തുകയായിരുന്നു.ഏതായാലും ഇവർക്ക് വളരെയധികം ഊർജ്ജം പകരുന്ന ഒരു വിജയം തന്നെയാണ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. മാലിയും ബുർകിനോ ഫാസോയും തമ്മിൽ പ്രീ ക്വാർട്ടർ മത്സരം നടക്കുന്നുണ്ട്. ആ മത്സരത്തിലെ വിജയികളെയാണ് ഐവറി കോസ്റ്റ് ക്വാർട്ടർ ഫൈനലിൽ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *