കക്കയെ ഗുരുതരമായി ഫൗൾ ചെയ്തു വീഴ്ത്തി,ഐ ഷോ സ്പീഡിനെതിരെ വ്യാപക പ്രതിഷേധം.

ഇന്നലെയായിരുന്നു ഫുട്ബോൾ ലോകത്തെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ഖത്തറിൽ വെച്ച് ഒരു ചാരിറ്റി മത്സരം സംഘടിപ്പിക്കപ്പെട്ടത്. എജുക്കേഷൻ എബോവ് ഓൾ എന്ന സംഘടനക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നു ഖത്തറിലെ അൽ റയ്യാനിൽ വെച്ച് കൊണ്ട് ചാരിറ്റി മത്സരം സംഘടിപ്പിക്കപ്പെട്ടത്. മാച്ച് ഫോർ ഹോപ്പ് എന്നായിരുന്നു ഈ മത്സരത്തിന്റെ പേര്.ഈഡൻ ഹസാർഡ്,റോബർറ്റോ കാർലോസ്,ഡേവിഡ് വിയ്യ എന്നിവർ അടങ്ങുന്ന ടീമിന്റെ പരിശീലകനായി കൊണ്ട് ആഴ്സൻ വെങ്ങറായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം ദ്രോഗ്ബ,മക്കലേലെ,കക്ക എന്നിവർ അടങ്ങുന്ന ടീമിന്റെ പരിശീലകനായി കൊണ്ട് അന്തോണിയോ കൊന്റെ ഉണ്ടായിരുന്നു. ഈ മത്സരത്തിൽ അമേരിക്കൻ യൂട്യൂബറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനുമായ ഐ ഷോ സ്പീഡും പങ്കെടുത്തിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ ഒരു പ്രവർത്തി ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർ താരമായ കക്കയെ സ്പീഡ് മാരകമായി ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു.

ചാരിറ്റി മത്സരം മറന്നുകൊണ്ടുള്ള ഒരു ഫൗളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. പുറകിൽ നിന്ന ഓടിവന്ന സ്പീഡ് കക്കയുടെ കാലിനു ഗുരുതരമായ രീതിയിൽ ചവിട്ടുകയായിരുന്നു.ഉടൻ തന്നെ അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിച്ചു. യഥാർത്ഥത്തിൽ കക്ക രക്ഷപ്പെടുകയാണ് ചെയ്തത് എന്ന് പറയേണ്ടിവരും. കാരണം ഗുരുതരമായ പരിക്കിന് കാരണമായേക്കാവുന്ന ഒരു ഫൗൾ തന്നെയാണ് സംഭവിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടി സാമൂഹിക മാധ്യമങ്ങളിൽ സ്പീഡിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. സാമാന്യ ബോധമില്ലാത്ത ഒരു പ്രവർത്തിയാണ് സ്പീഡ് ചെയ്തത് എന്നാണ് പലരും ആരോപിക്കുന്നത്.

മത്സരത്തിൽ കക്ക ഗോൾ നേടിയിട്ടുണ്ട്. കൂടാതെ ഈഡൻ ഹസാർഡ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതേസമയം ഒരു സുവർണ്ണാവസരം പാഴാക്കിയത് സ്പീഡിന് തിരിച്ചടി ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഹസാർഡ് ഒരുക്കിയ ഗോളവസരമായിരുന്നു സ്പീഡ് കളഞ്ഞ് കുളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *