ഔട്ട്‌ ഓഫ് ഷേപ്, നെയ്മർക്ക്‌ മുൻ താരങ്ങളുടെ വിമർശനം!

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.22% ശതമാനം പാസുകൾ മിസ്സ്‌ ആക്കിയ നെയ്മർ 28 തവണയാണ് ബോളുകൾ നഷ്ടപ്പെടുത്തിയത്. അതേസമയം മത്സരശേഷം നെയ്മർക്ക്‌ പല ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. താരം ഔട്ട്‌ ഓഫ് ഷേപ് ആയതിനെയാണ് പലരും വിമർശിച്ചത്. മുൻ ബ്രസീലിയൻ താരങ്ങൾ ജേണലിസ്റ്റുകൾ എന്നിവരൊക്കെയാണ് നെയ്മറെ വിമർശന വിധേയമാക്കിയത്.

മുൻ ബ്രസീലിയൻ താരമായ എഡിൽസൺ ഇതേകുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. ” നെയ്മറുടെ ശരീരവും മുഖവും ഇത്ര തടിച്ചതായി ഞാൻ കാണുന്നത് ഇതാദ്യമായാണ് ” ഇതാണ് എഡിൽസൺ പറഞ്ഞത്.2002-ലെ വേൾഡ് കപ്പ് ജേതാക്കളായ ബ്രസീൽ ടീമിലെ അംഗമായിരുന്നു ഇദ്ദേഹം.

മുൻ കൊറിന്ത്യൻസ് താരമായ നെറ്റോ പറഞ്ഞത് ഇങ്ങനെയാണ്. ” നെയ്മർ ഒരു അത്ഭുത പ്രതിഭയാണ്. അക്കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ നെയ്മർ എങ്ങനെയാണ് ഇത്ര ഫാറ്റ് ആയത് എന്നെനിക്ക് മനസ്സിലാവുന്നില്ല.നെയ്മറിപ്പോൾ ഔട്ട്‌ ഓഫ് ഷേപ് തന്നെയാണ് ” ഇതാണ് നെറ്റോ അറിയിച്ചത്.

മുൻ താരമായ വാൾട്ടർ കസാഗ്രാൻഡേ ഗ്ലോബോയിൽ എഴുതിയത് ഇങ്ങനെയാണ്. ” വ്യക്തമായും നെയ്മർ ഔട്ട്‌ ഓഫ് ഷേപ് തന്നെയാണ്.അദ്ദേഹത്തിന്റെ വേഗത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അദ്ദേഹം മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് പരാജയപ്പെടുകയാണ്. എന്റെ അഭിപ്രായത്തിൽ ടിറ്റെ നെയ്മറെ ടീമിൽ ഉൾപ്പെടുത്താൻ പാടില്ല.ഇത്‌ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് എന്ന ഓർമ്മ വേണം ” ഇതാണ് വാൾട്ടർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

കൂടാതെ ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസും നെയ്മറെ വിമർശിച്ചിരുന്നു.നെയ്മർ റൊണാൾഡിഞ്ഞോയുടെ വഴിയിലാണ് എന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. ” നെയ്മർ റൊണാൾഡിഞ്ഞോയെ പോലെയാവുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നു.അദ്ദേഹത്തിന്റെ ജീവിതശൈലി ഒരു പ്രൊഫഷണൽ താരത്തിന് യോജിച്ചതല്ല ” ഇതാണ് ഇവർ അഭിപ്രായപ്പെട്ടത്.

അതേസമയം നെയ്മർ സോഷ്യൽ മീഡിയ വഴി ഇതിന് മറുപടി നൽകിയിരുന്നു. തനിക്ക് യഥാർത്ഥ ഭാരം തന്നെയാണ് ഉള്ളതെന്നും ഷർട്ടിന്റെ സൈസിൽ ഉള്ള മാറ്റങ്ങളാണ് ഔട്ട്‌ ഓഫ് ഷേപ് ആയി തോന്നാൻ കാരണമെന്നുമാണ് നെയ്മർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *