ഓസ്‌ക്കാറിന്റെ കാര്യത്തിൽ ട്വിസ്റ്റ്,കരാറിലെത്തിയെങ്കിലും അവസാന നിമിഷം പിന്മാറി ക്ലബ്!

ബ്രസീലിയൻ സൂപ്പർതാരമായ ഓസ്‌ക്കാർ തന്റെ ചൈനീസ് കരിയർ അവസാനിപ്പിച്ചുകൊണ്ട് ബ്രസീലിലേക്ക് തന്നെ മടങ്ങാൻ തീരുമാനമെടുത്തിരുന്നു. നിലവിൽ ചൈനീസ് ക്ലബ്ബായ ഷാങ്ഹായ്ക്ക് വേണ്ടിയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയുമായി കരാറിൽ എത്തുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതിയായിരുന്നു ഓസ്‌ക്കാർ ഫ്ലമെങ്കോയുമായി കരാറിൽ എത്തിയത്.തുടർന്ന് തന്റെ ക്ലബ്ബായ ഷാങ്ഹായ്ക്ക് താരം ഒരു വിടവാങ്ങൽ കുറിപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നീട് ഫ്ലമെങ്കോയുടെ ജേഴ്സിയിലുള്ള ഒരു ചിത്രം ഓസ്‌ക്കാർ തന്നെ പങ്കുവെക്കുകയായിരുന്നു.

ഇതോടുകൂടി താരം ഫ്ലമെങ്കോക്ക് വേണ്ടി കളിക്കുമെന്ന് ഉറപ്പായിരുന്നു.എന്നാൽ അവസാന നിമിഷത്തിൽ ട്വിസ്റ്റ് സംഭവിച്ചിട്ടുണ്ട്. അതായത് താരത്തെ വിട്ട് നൽകാൻ ഷാങ്ങ്ഹായ് സമ്മതിച്ചിരുന്നില്ല.ഫൈനൽ ഡോക്കുമെന്റ്സിൽ ഒപ്പിടാതെ ഷാങ്ഹായ് ഈ ട്രാൻസ്ഫറിൽ നിന്ന് പിന്മാറുകയായിരുന്നു.ഇക്കാര്യം ഓസ്‌ക്കാർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഫ്ലമെങ്കോയുടെയും ആരാധകരുടെയും താൽപര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ ഈ നിമിഷത്തിൽ ഫ്ലമെങ്കോയിലേക്ക് വരാൻ എനിക്ക് സാധിക്കില്ല. ക്ലബ്ബിനെ ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. എന്റെ സുഹൃത്തുക്കൾക്ക് എപ്പോഴും എന്റെ പിന്തുണ ഉണ്ടാവും. എല്ലാവർക്കും നന്ദി അറിയിക്കുന്നു ” ഇതാണ് ഓസ്ക്കാർ പറഞ്ഞിട്ടുള്ളത്.

ഇതോടെ ജന്മ നാട്ടിലേക്ക് മടങ്ങിയെത്തുക എന്ന ഓസ്കാറിന്റെ സ്വപ്നമാണ് പൊലിയുന്നത്. ചൈനീസ് ലീഗിൽ മികച്ച പ്രകടനമാണ് താരം ഇതുവരെ പുറത്തെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *