ഒളിമ്പിക്സിൽ മിന്നും ഫോമിൽ, റിച്ചാർലീസണെ ആഞ്ചലോട്ടിക്ക്‌ വേണം!

ഒളിമ്പിക് ഫുട്ബോളിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ ഇന്നിറങ്ങുകയാണ്. ഈജിപ്താണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 3:30-നാണ് മത്സരം അരങ്ങേറുക.

ഈ ഒളിമ്പിക്സിൽ ബ്രസീലിന്റെ വിജയങ്ങൾക്ക്‌ പിന്നിലെ പ്രധാനസാന്നിധ്യം സൂപ്പർ താരം റിച്ചാർലീസണാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. ജർമ്മനിക്കെതിരെ ഹാട്രിക് നേടിയ താരം സൗദിക്കെതിരെയുള്ള ഇരട്ട ഗോളുകൾ നേടുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും ബ്രസീലിന്റെ പ്രതീക്ഷകൾ റിച്ചാർലീസണിൽ തന്നെയാണ്.

കഴിഞ്ഞ സീസണിൽ എവെർട്ടണ് വേണ്ടിയും കഴിഞ്ഞ കോപ്പയിൽ ബ്രസീലിന് വേണ്ടിയും പ്രതീക്ഷക്കൊത്തുയരാൻ റിച്ചാർലീസണ് കഴിഞ്ഞിരുന്നില്ല. അത്കൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങൾക്ക്‌ ഈ ബ്രസീലിയൻ താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഒളിമ്പിക്സിലെ തകർപ്പൻ പ്രകടനത്തിലൂടെ താരം തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു. സൗദിക്കെതിരെ വിജയിച്ച ശേഷം റിച്ചാർലീസണിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ” ഗോളുകൾ നേടാൻ കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.എന്റെ അവസരങ്ങൾ ഞാൻ മുതലെടുക്കുന്നു.ഞങ്ങൾ ഒളിമ്പിക്സിൽ ഓരോ മത്സരം കഴിയുംതോറും വളരുകയായിരുന്നു. ഇനി മുന്നേറേണ്ടതുണ്ട്.പിഴവുകൾ പരമാവധി കുറച്ചു കൊണ്ട് ജയം നേടേണ്ടിയിരിക്കുന്നു ” ഇതാണ് റിച്ചാർലീസൺ പറഞ്ഞത്.

അതേസമയം റയലിന്റെ പരിശീലകനായ ആഞ്ചലോട്ടിക്ക്‌ താരത്തെ ടീമിൽ എത്തിക്കാനുള്ള താല്പര്യമുണ്ട് എന്ന വാർത്തകൾ ഇപ്പോൾ സജീവമാകുന്നുണ്ട്. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പക്ഷേ താരത്തെ എളുപ്പത്തിൽ വിട്ടു നൽകാൻ എവെർട്ടൻ തയ്യാറല്ല.90 മില്യൺ യൂറോയെങ്കിലും ആവിശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇത്‌ നൽകാൻ റയൽ തയ്യാറാവുമോ എന്നത് സംശയകരമാണ്. എന്തെന്നാൽ റയൽ പ്രഥമ പരിഗണന നൽകുന്നത് സൂപ്പർ താരം കിലിയൻ എംബപ്പേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *