ഒരു വർഷത്തെ ഇടവേളക്കുശേഷം 41ആം വയസ്സിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തി സ്ലാറ്റൻ, ലക്ഷ്യം റെക്കോർഡ്!
ഈ മാർച്ച് മാസത്തിൽ രണ്ട് യൂറോ യോഗ്യത മത്സരങ്ങളാണ് സ്വീഡൻ കളിക്കുന്നത്. മാർച്ച് 24ആം തീയതി നടക്കുന്ന മത്സരത്തിൽ ബെൽജിയമാണ് സ്വീഡന്റെ എതിരാളികൾ. മാർച്ച് 27ാം തീയതി നടക്കുന്ന മത്സരത്തിൽ അസർബൈജാനെയും സ്വീഡൻ നേരിടും. ഈ രണ്ട് മത്സരങ്ങൾക്കുമുള്ള സ്‌ക്വാഡിനെ സ്വീഡൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഒരു വലിയ ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തി എന്നുള്ളതാണ് ഈ സ്‌ക്വാഡിന്റെ പ്രത്യേകത.കാൽമുട്ടിന് പരിക്കേറ്റതിനാൽ ദീർഘകാലം താരം കളത്തിന് പുറത്തായിരുന്നു.മൂന്നാഴ്ച മുമ്പ് മാത്രമാണ് അദ്ദേഹം തന്റെ ക്ലബ്ബായ എസി മിലാന് വേണ്ടി ഈ സീസണിൽ കളിച്ചു തുടങ്ങിയത്. ഇതിന് പിന്നാലെയാണ് സ്വീഡന്റെ ദേശീയ ടീമിലേക്കുള്ള വിളി താരത്തെ തേടി എത്തിയിരിക്കുന്നത്.
41-year-old Zlatan Ibrahimović is called up for Sweden’s Euro 2024 qualifiers against Belgium and Azerbaijan 🇸🇪 pic.twitter.com/8TRiPINnyp
— B/R Football (@brfootball) March 15, 2023
2022 മാർച്ച് 29ആം തീയതിയായിരുന്നു അദ്ദേഹം അവസാനമായി കൊണ്ട് സ്വീഡന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചിരുന്നത്. വരുന്ന മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് തന്നെയാണ് സ്ലാറ്റൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ യൂറോ യോഗ്യത മത്സരത്തിൽ ടീമിന് വേണ്ടി കളത്തിലേക്ക് ഇറങ്ങാൻ സാധിച്ചാൽ ഒരു റെക്കോർഡ് കുറിക്കാനും സ്ലാറ്റന് സാധിക്കും. അതായത് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ആയിരിക്കും സ്ലാറ്റൻ കരസ്ഥമാക്കുക.ഡിനോ സോഫ് എന്ന താരത്തെയായിരിക്കും ഈ റെക്കോർഡിന്റെ കാര്യത്തിൽ സ്ലാറ്റൻ മറികടക്കുക.
41 കാരനായ സ്ലാറ്റൻ സ്വീഡന്റെ ദേശീയ ടീമിനുവേണ്ടി ആകെ 121 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 62 ഗോളുകൾ സ്വന്തമാക്കാനും സ്ലാറ്റന് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ മൂന്ന് മത്സരങ്ങൾ ഇപ്പോൾ കളിക്കാൻ സ്ലാട്ടന് കഴിഞ്ഞു. ഇനി അടുത്ത മത്സരത്തിൽ ഉഡിനീസിയാണ് മിലാന്റെ എതിരാളികൾ.