ഒരു മില്യൺ നൽകി ഡാനിയെ ജയിലിൽ നിന്നിറക്കാൻ നെയ്മറുടെ പിതാവിന്റെ ശ്രമം!

ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് ഇപ്പോൾ സ്പെയിനിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. അതായത് ബാഴ്സലോണയിലെ നൈറ്റ് ക്ലബ്ബിൽ വച്ച് ഒരു യുവതിയെ ലൈംഗികമായി ആക്രമിച്ചതിനെ തുടർന്നാണ് ഡാനിക്ക് തടവ് ശിക്ഷ ലഭിക്കപ്പെട്ടത്.നാലര വർഷത്തെ തടവു ശിക്ഷയാണ് സ്പാനിഷ് കോടതി അദ്ദേഹത്തിന് വിധിച്ചിട്ടുള്ളത്.

ഈ കേസുമായി ബന്ധപ്പെട്ടു കൊണ്ട് നെയ്മർ ജൂനിയറും അദ്ദേഹത്തിന്റെ പിതാവും ഡാനിയെ സഹായിച്ചിരുന്നു. അതായത് ഈ കേസിലെ ഇരക്കുള്ള നഷ്ടപരിഹാരം ഡാനി ആൽവസിന് വേണ്ടി നൽകിയിരുന്നത് നെയ്മർ ജൂനിയറായിരുന്നു.മാത്രമല്ല നെയ്മർ ജൂനിയറുടെ പിതാവിന്റെ വക്കീലാണ് ഈ കേസിൽ ഡാനി ആൽവസിനെ സഹായിച്ചു കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമേ ഡാനി ആൽവസിനെ ജാമ്യത്തിലിറക്കാൻ നെയ്മർ ജൂനിയറുടെ പിതാവ് ഇന്നലെ ഒരു ശ്രമം നടത്തിയിരുന്നു.

അതായത് ഒരു മില്യൻ യൂറോ നൽകി കഴിഞ്ഞാൽ ഡാനി ആൽവസിന് ജാമ്യം ലഭിക്കുമായിരുന്നു. പിന്നീട് ഈ പണം സമാഹരിക്കാൻ നെയ്മർ ജൂനിയറുടെ പിതാവ് മുന്നിട്ടിറങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2:30 വരെയായിരുന്നു കോടതി ഇതിന് സമയപരിധി നിശ്ചയിച്ചിരുന്നത്.അതിന് മുൻപ് ഒരു മില്യൺ യൂറോ നൽകണമായിരുന്നു. എന്നാൽ നെയ്മറുടെ പിതാവിനെ ഈ സമയപരിധിക്ക് മുൻപ് ഈ തുക എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടുകൂടി ഡാനി ആൽവസിന് ജാമ്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറുടെ പിതാവിന്റെ ശ്രമം ഇവിടെ വിഫലമാവുകയായിരുന്നു.

ബാഴ്സലോണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജൂറിയാണ് ഡാനിക്ക് ഒരു മില്യൺ യൂറോക്ക് മേൽ ജാമ്യം നൽകാമെന്ന് തീരുമാനമെടുത്തത്.ഭൂരിപക്ഷാഭിപ്രായത്തിൽ ഇത് പാസാക്കപ്പെടുകയായിരുന്നു. എന്നാൽ ബലേസ്റ്റ ആൽവസ് എന്ന ജഡ്ജി ഇതിനെതിരെ നിലകൊണ്ടത് ശ്രദ്ധേയമായി. ചുരുങ്ങിയത് രണ്ടുവർഷവും മൂന്നുമാസവും ഡാനി ജാമ്യമൊന്നും കൂടാതെ ജയിലിൽ കിടക്കണം എന്നാണ് ഇദ്ദേഹം വാദിച്ചത്. നിലവിൽ 14 മാസമായി ഡാനി ജയിലിൽ തുടരുകയാണ്. ഏതായാലും അദ്ദേഹം തന്റെ ജാമ്യത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *