ഒരു കണക്കിന് എംബപ്പേ ഇല്ലാത്തതാണ് നല്ലത്: ദെഷാപ്സ്
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 നേഷൻസ് ലീഗ് മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്.ഇസ്രായേലും ഇറ്റലിയുമാണ് അവരുടെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാപ്സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേക്ക് ഈ ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.എംബപ്പേയുടെ അഭ്യർത്ഥനപ്രകാരം പരിശീലകൻ അദ്ദേഹത്തെ ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.
ഏതായാലും എംബപ്പേയെ ഒഴിവാക്കിയതിനെ കുറിച്ച് ഫ്രഞ്ച് കോച്ച് സംസാരിച്ചിട്ടുണ്ട്.ഈ തീരുമാനത്തിന്റെ ഉത്തരവാദിത്വം തനിക്കാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.എംബപ്പേ ഇല്ലാത്തതാണ് ഇപ്പോൾ നല്ലതെന്നും ഇക്കാര്യത്തിൽ കൂടുതൽ വാദിക്കാൻ താൻ ഇല്ലെന്നും ദെഷാപ്സ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഞാൻ ഒരുപാട് തവണ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഞാൻ ഇതേക്കുറിച്ച് ഒരുപാട് ചിന്തിച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇപ്പോൾ എംബപ്പേ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഈ വിഷയത്തിൽ കൂടുതൽ വാദിക്കാനൊന്നും ഞാനില്ല.നിലവിൽ ഇവിടെ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ തീരുമാനത്തിന്റെ ഉത്തരവാദിത്വം എനിക്കാണ്.കടുത്ത തീരുമാനങ്ങൾ ഞാൻ പലപ്പോഴും എടുത്തിട്ടുണ്ട്. ഓരോ താരങ്ങൾക്ക് പുറകിലും ഓരോ മനുഷ്യനും കൂടിയുണ്ട്.ഞാൻ ഈ കോമ്പറ്റീഷനുള്ള ലിസ്റ്റ് ആണ് തയ്യാറാക്കുന്നത്, അല്ലാതെ എല്ലാവരെയും സന്തോഷപ്പെടുത്താനുള്ള ലിസ്റ്റ് അല്ല തയ്യാറാക്കുന്നത്. ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു ” ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
എംബപ്പേ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിൽ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഒഴിവാക്കാൻ ഫ്രഞ്ച് പരിശീലകൻ തീരുമാനിച്ചിട്ടുള്ളത്. നിലവിലെ അവസരത്തിൽ മികവ് വീണ്ടെടുക്കാൻ വേണ്ടി കൂടുതൽ സമയം അദ്ദേഹത്തിന് പരിശീലകൻ അനുവദിക്കുകയായിരുന്നു.