ഒഫീഷ്യൽ : മെംഫിസ് ഡീപെ ഇനി ബ്രസീലിൽ കളിക്കും!
നേരത്തെ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള ഡച്ച് സൂപ്പർ താരമാണ് മെംഫിസ് ഡീപേ.2021 മുതൽ 2023 വരെയായിരുന്നു ഈ താരം ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്നത്. 30 ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് താരം കളിച്ചത്. എന്നാൽ താരത്തെ നിലനിർത്താൻ അവർ തയ്യാറായില്ല. ഇപ്പോഴിതാ ഡീപേ ബ്രസീലിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബ്രസീലിയൻ വമ്പൻമാരായ കൊറിന്ത്യൻസാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.ഇനി ബ്രസീലിയൻ ലീഗിലാണ് ഈ സൂപ്പർതാരത്തെ നമുക്ക് കാണാൻ കഴിയുക.
നേരത്തെ ലൂയിസ് സുവാരസിനെ കൊണ്ടുവരാൻ ഗ്രിമിയോക്ക് സാധിച്ചിരുന്നു. അതിനുശേഷം ബ്രസീലിയൻ ലീഗിൽ നടക്കുന്ന ഏറ്റവും വലിയ സൈനിങ്ങ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.രണ്ടുവർഷത്തെ കരാറിലാണ് അദ്ദേഹം ക്ലബ്ബുമായി ഒപ്പു വച്ചിരിക്കുന്നത്.ഡീപെയുടെ വരവ് കൊറിന്ത്യൻസിന്റെ ശക്തി വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. നിലവിൽ ബ്രസീലിയൻ ലീഗിൽ മോശം പ്രകടനമാണ് അവരിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ പതിനേഴാം സ്ഥാനത്ത് അഥവാ റെലഗേഷൻ സോണിലാണ് അവരുള്ളത്.
25 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഡീപേ വരുന്നതോടുകൂടി മുന്നേറ്റ നിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.ഡച്ച് ടീമിന് വേണ്ടി 98 മത്സരങ്ങൾ കളിച്ചു താരം 46 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ നിലവിൽ നെതർലാന്റ്സ് ടീമിലേക്ക് റൊണാൾഡ് കൂമാൻ താരത്തെ പരിഗണിച്ചിട്ടില്ല.