ഒഫീഷ്യൽ: പുതിയ പരിശീലകനെ നിയമിച്ച് ഇംഗ്ലണ്ട്!
കഴിഞ്ഞ യൂറോ കപ്പിൽ ഇംഗ്ലണ്ടിന് കയ്യെത്തും ദൂരത്താണ് കിരീടം നഷ്ടമായത്. ഫൈനൽ മത്സരത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇംഗ്ലണ്ടിന്റെ പരിശീലകനായ ഗാരത് സൗത്ത്ഗേറ്റ് പരിശീലക സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ടീമിനെ കിരീടങ്ങൾ നേടിക്കൊടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങിയത്.തുടർച്ചയായ രണ്ട് യൂറോകപ്പ് ഫൈനലുകളിൽ ഇംഗ്ലണ്ട് പരാജയപ്പെടുകയായിരുന്നു.
പുതിയ ഒരു പരിശീലകനെ നിയമിക്കാൻ ഇതുവരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ അവർ താൽക്കാലികമായി ഒരു പരിശീലകനെ നിയമിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിന്റെ പരിശീലകനായിരുന്ന ലീ കാഴ്സ്ലിയാണ് ഇപ്പോൾ സീനിയർ ടീമിന്റെ ഇടക്കാല പരിശീലകനായി കൊണ്ട് എത്തിയിട്ടുള്ളത്.ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് ഇംഗ്ലണ്ട് തന്നെ അറിയിച്ചിട്ടുണ്ട്.
വരുന്ന സെപ്റ്റംബർ മാസത്തിൽ രണ്ട് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. അയർലാൻഡ്,ഫിൻലാന്റ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.ഈ രണ്ടു മത്സരങ്ങളിൽ ഇദ്ദേഹമായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. 2022ൽ നടന്ന അണ്ടർ 21 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ കിരീടം നേടി കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് കാഴ്സ്ലി. കൂടാതെ ക്ലബ്ബ് പരിശീലക രംഗത്തും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കോവെൻട്രി സിറ്റി,ബ്രന്റ്ഫോർഡ്,ബിർമിങ്‌ഹാം എന്നിവരെയൊക്കെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ സീനിയർ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ഒരു സ്ഥിര പരിശീലകനെ ഇതുവരെ കണ്ടെത്താൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന് കഴിഞ്ഞിട്ടില്ല.പോച്ചെട്ടിനോ ഉൾപ്പെടെയുള്ള പരിശീലകരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നുവെങ്കിലും യാതൊന്നും തന്നെ ഫലം കണ്ടിട്ടില്ല. പക്ഷേ വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് ശേഷമെങ്കിലും ഇംഗ്ലണ്ട് ഒരു സ്ഥിര പരിശീലകനെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.