ഐഎം വിജയൻ ബൂട്ടണിഞ്ഞത് റൊമാരിയോ,റിവാൾഡോ എന്നിവർക്കെതിരെ,മത്സരം 6-6 സമനിലയിൽ!
ഇന്നലെ ദുബൈയിൽ വെച്ച് ഫുട്ബോൾ ആരാധകർക്ക് നൊസ്റ്റാൾജിയ പകർന്ന് നൽകിയ ഒരു മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്നു. വേൾഡ് കപ്പ് ലെജൻസും ഏഷ്യൻ സ്റ്റാർസും തമ്മിലുള്ള ഒരു മത്സരമായിരുന്നു നടന്നിരുന്നത്. ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ വച്ചാണ് ഈ ഒരു സൗഹൃദ മത്സരം നടന്നത്.
ഏഷ്യൻ പാരാലിംപിക്ക് കമ്മിറ്റിയാണ് ഈയൊരു വെൽഫയർ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. 1994ലെ വേൾഡ് കപ്പിൽ ബ്രസീലിയൻ ടീമിൽ ഉണ്ടായിരുന്ന ഇതിഹാസങ്ങൾ ഇതിൽ പങ്കെടുത്തത്. അതേസമയം ഏഷ്യയിലെ ഇതിഹാസങ്ങളാണ് മറുഭാഗത്ത് അണിനിരന്നത്.മലയാളികൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു കാര്യം എന്നുള്ളത് മുൻ ഇന്ത്യൻ നായകനായിരുന്ന ഐഎം വിജയൻ ഈ മത്സരത്തിൽ ബൂട്ടണിഞ്ഞിരുന്നു എന്നുള്ളതാണ്.
IM Vijayan playing in World Cup Legends v Asian Stars match pic.twitter.com/h708KVMmRH
— Mohammed Faris (@faris_km) February 28, 2023
ബ്രസീലിയൻ ഇതിഹാസങ്ങളായ റൊമാരിയോ,റിവാൾഡോ, ധുംഗ എന്നിവരൊക്കെ ഈ മത്സരത്തിൽ കളിച്ചിരുന്നു. അതേസമയം മത്സരത്തിൽ രണ്ട് ടീമുകളും ആറ് വീതം ഗോളുകൾ നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. വേൾഡ് കപ്പ് ലെജൻസിന് വേണ്ടി ഹാട്രിക്ക് നേടി കൊണ്ട് തിളങ്ങിയത് അവരുടെ ഇതിഹാസമായ റൊമാരിയോ ആണ്. അതേസമയം സൗദി അറേബ്യയുടെ മുൻ സൂപ്പർതാരമായ നാസർ അൽ ഷംറാനി ഏഷ്യൻ സ്റ്റാർസിനു വേണ്ടി ഹാട്രിക് നേടി. 2014 ഏഷ്യൻ ഫുട്ബോൾ ഓഫ് ദി ഇയർ പുരസ്കാരം നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം.
ഏതായാലും ആകെ 12 ഗോളുകൾ നേടിയ ഒരു ത്രില്ലർ മത്സരമായിരുന്നു ഇത്. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഏഷ്യൻ സ്റ്റാർസ് പിറകിൽ പോയിരുന്നു. അതിനുശേഷം ആണ് അവർ 6-6 എന്ന നിലയിലേക്ക് തിരിച്ചുവന്നത്.