ഏവരെയും അമ്പരപ്പിച്ച ഗോൾ, മികച്ച ഗോളിനുള്ള പുരസ്കാരം നേടി എൻഡ്രിക്ക്!

ഈ സീസണിലെ ബ്രസീലിയൻ ലീഗ് കിരീടവും വമ്പൻമാരായ പാൽമിറാസ് തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണിലും പാൽമിറാസ് തന്നെയായിരുന്നു പുരസ്കാരം സ്വന്തമാക്കിയിരുന്നത്.കടുത്ത പോരാട്ടമാണ് ഇത്തവണ അരങ്ങേറിയത്.ഗ്രിമിയോയെ രണ്ട് പോയിന്റുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് പാൽമിറാസ് കിരീടം നേടിയത്. 70 പോയിന്റുകൾ പാൽമിറാസ് നേടിയപ്പോൾ 68 പോയിന്റുകളാണ് സുവാരസിന്റെ ഗ്രിമിയോ കരസ്ഥമാക്കിയത്.

എടുത്തു പറയേണ്ട പ്രകടനം വണ്ടർ കിഡായ എൻഡ്രിക്കിന്റെത് തന്നെയാണ്. 17 വയസ്സ് മാത്രമുള്ള ഇദ്ദേഹം ഇപ്പോൾ തന്നെ രണ്ട് ബ്രസീലിയൻ ലീഗ് കിരീടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.മികച്ച പ്രകടനം രണ്ട് സീസണിൽ അദ്ദേഹം നടത്തിയിട്ടുണ്ട്. ഈ സീസണിൽ 31 ലീഗ് മത്സരങ്ങളാണ് 17 കാരനായ താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 11 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു.

അവസാന റൗണ്ട് പോരാട്ടത്തിൽ പാൽമിറാസ് സമനില വഴങ്ങുകയായിരുന്നു.ആ മത്സരത്തിലും നിർണായകമായ ഗോൾ നേടാൻ എൻഡ്രിക്കിന് സാധിച്ചിരുന്നു. മാത്രമല്ല ഈ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം സ്വന്തമാക്കിയതും ഈ 17 വയസ്സുകാരൻ തന്നെയാണ്.ബൊട്ടഫോഗോക്കെതിരെയുള്ള മത്സരത്തിലായിരുന്നു ഒരു കിടിലൻ സോളോ ഗോൾ എൻഡ്രിക്ക് നേടിയിരുന്നത്. ഏകദേശം മൈതാന മധ്യത്തിൽ നിന്ന് ആരംഭിച്ച താരത്തിന്റെ കുതിപ്പ് ഗോളിലാണ് ചെന്ന് അവസാനിച്ചത്.അഞ്ചോളം പ്രതിരോധനിര താരങ്ങളെ ഒറ്റക്ക് മറികടന്നു കൊണ്ടാണ് 17 വയസ്സ് മാത്രമുള്ള ഈ താരം ഈ ഗോൾ സ്വന്തമാക്കിയത്.

ആ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ബൊട്ടഫോഗോയെ പരാജയപ്പെടുത്തിയത് കിരീടം നേടാൻ പാൽമിറാസിനെ ഏറെ സഹായിച്ചിട്ടുണ്ട്.മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയത് ഈ യുവ സൂപ്പർതാരമായിരുന്നു.ഏതായാലും അദ്ദേഹത്തിന്റെ മികവ് റയൽ മാഡ്രിഡ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അടുത്ത സീസൺ മുതൽ എൻഡ്രിക്ക് റയൽ മാഡ്രിഡിനൊപ്പമാണ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *