എൻഡ്രിക്ക് രക്ഷകൻ,മെക്സിക്കോയെ തോൽപ്പിച്ചു,ആദ്യ മത്സരം കളറാക്കി ബ്രസീൽ!
കോപ്പ അമേരിക്കക്ക് മുന്നോടിയായി ബ്രസീൽ കളിച്ച ആദ്യ സൗഹൃദ മത്സരത്തിൽ അവർ വിജയം സ്വന്തമാക്കി.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമാണ് ബ്രസീൽ ഗോളുകൾ നേടിയത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി,എൻഡ്രിക്ക് എന്നിവർ നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
അടിമുടി മാറ്റങ്ങളുമായാണ് പരിശീലകൻ ഡൊറിവാൽ ജൂനിയർ ബ്രസീൽ ടീമിനെ ഇറക്കിയത്. മുന്നേറ്റ നിരയിൽ മാർട്ടിനെല്ലി,സാവിയോ,ഇവാനിൽസൺ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ബ്രസീലിന്റെ ആദ്യ ഗോൾ പിറന്നു.സാവിയോ നടത്തിയ മുന്നേറ്റം ആൻഡ്രിയാസ് പെരേര ഗോളാക്കി മാറ്റുകയായിരുന്നു.ഇതോടെ ബ്രസീൽ ലീഡ് എടുത്തു. എന്നാൽ അതിനു ശേഷം മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള ശ്രമം മെക്സിക്കോ നടത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്രസീൽ ഒരു ഗോൾ കൂടി നേടുകയായിരുന്നു. യാൻ കൂട്ടോയുടെ അസിസ്റ്റിൽ നിന്ന് ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗോൾ കണ്ടെത്തിയത്. എന്നാൽ മത്സരത്തിന്റെ 73ആം മിനുട്ടിൽ മെക്സിക്കോ ഒരു ഗോൾ തിരിച്ചടിച്ചു.വേഗയുടെ പാസിൽ നിന്ന് ക്വിനോനസാണ് ഗോൾ കണ്ടെത്തിയത്. പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ ഒരു ഗോൾ കൂടി മെക്സിക്കോ നേടിയതോടെ ബ്രസീൽ പ്രതിരോധത്തിലായി.ഗില്ലർമോ മാർട്ടിനസായിരുന്നു ഗോൾ നേടിയിരുന്നത്. എന്നാൽ പിന്നീട് എൻഡ്രിക്ക് ബ്രസീലിന്റെ രക്ഷകൻ ആവുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റിൽ വിനിയുടെ ക്രോസിൽ നിന്ന് എൻഡ്രിക്ക് ഹെഡ്ഡറിലൂടെ ഗോൾ നേടി.ഈ ബ്രസീലിന്റെ രക്ഷയ്ക്ക് എത്തുകയായിരുന്നു.അങ്ങനെ ബ്രസീൽ വിജയം സ്വന്തമാക്കി.