എൺപതിന്റെ നിറവിൽ ഫുട്ബോൾ രാജാവ്, പെലെയെന്ന ഇതിഹാസത്തിന് ജന്മദിനാശംസകൾ !

1940 ഒക്ടോബർ ഇരുപത്തിമൂന്നിനാണ് ബ്രസീലിലെ കൊറാക്കോസിലാണ് പെലെ പിറവി കൊണ്ടത്. പിന്നീടവൻ ബ്രസീൽ ജനതയുടെ നായകനായി മാറുകയായിരുന്നു. ഒരു ജനതയുടെ സ്വപ്നങ്ങൾ മുഴുവനും ശിരസാവഹിച്ച അവൻ മൂന്ന് ലോകകിരീടങ്ങളാണ് തന്റെ ജനതക്ക് നേടികൊടുത്തത്. ആ മനുഷ്യനിന്ന് എൺപതിന്റെ നിറവിലാണ്. ആ ഇതിഹാസം ഭൂമിയിലേക്ക് കാലെടുത്തു വെച്ചിട്ട് എൺപത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. നിരവധി റെക്കോർഡുകൾ സ്വന്തം കാൽചുവട്ടിലാക്കിയ പെലെക്ക് ഫുട്ബോൾ രാജാവെന്ന വിശേഷണം വെറുതെ ചാർത്തികിട്ടിയതല്ല. അത്രയേറെ നേട്ടങ്ങളാണ് പെലെ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. സാന്റോസിന് വേണ്ടിയും ബ്രസീലിന് വേണ്ടിയും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇപ്പോഴും പെലെയുടെ പേരിൽ തന്നെയാണ്.

ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഗിന്നസ് റെക്കോർഡ് പെലെയുടെ പേരിലാണ്. 1363 മത്സരങ്ങളിൽ നിന്ന് 1283 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ വേൾഡ് കപ്പ് നേടിയ താരമെന്ന റെക്കോർഡും പെലെയുടെ പേരിൽ തന്നെ. 1958, 1962, 1970 എന്നീ വർഷങ്ങളിലാണ് പെലെ ബ്രസീലിനോടൊപ്പം വേൾഡ് കപ്പിൽ മുത്തമിട്ടിട്ടുള്ളത്. പല താരങ്ങൾക്കും മൂന്ന് വേൾഡ് കപ്പിൽ കളിക്കാൻ പോലും അവസരം ലഭിക്കാത്തിത്താണ് പെലെ മൂന്ന് വേൾഡ് കപ്പ് കിരീടങ്ങൾ നേടിയത് എന്നോർക്കണം. ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ താരമെന്ന റെക്കോർഡും പെലെയുടെ പേരിലുണ്ട്. കണക്കുകൾ പ്രകാരം പെലെ 92 ഹാട്രിക്കുകളാണ് നേടിയിട്ടുള്ളത്. ഫിഫ വേൾഡ് കപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. 1958-ൽ ഫ്രാൻസിനെതിരെ പെലെ ഹാട്രിക് നേടുമ്പോൾ പെലെയുടെ പ്രായം പതിനേഴു വയസ്സും 244 ദിവസവും മാത്രമാണ്. വേൾഡ് കപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരാനെന്ന റെക്കോർഡും പെലെക്ക് സ്വന്തമാണ്. 1958-ലെ വേൾഡ് കപ്പ് ഫൈനലിൽ പെലെ ഗോൾ നേടുമ്പോൾ താരത്തിന്റെ പ്രായം 17 വർഷവും 249 ദിവസവുമാണ്. ഇങ്ങനെ നിരവധി അപൂർവമായ റെക്കോർഡുകളാണ് ഇതിഹാസത്തിന്റെ പേരിലുള്ളത്. ഫുട്ബോൾ രാജാവിന്, ഇതിഹാസത്തിന് ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *