എല്ലാ താരങ്ങൾക്കും ആത്മവിശ്വാസം പകർന്നു നൽകുന്നൊരാൾ : നെയ്മറെ കുറിച്ച് ആന്റണി!

ഏറെ ഊഹാപോഹങ്ങൾക്കും റൂമറുകൾക്കുമൊടുവിൽ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നു. യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ ആന്റണിക്ക് കഴിഞ്ഞിരുന്നു.നിലവിൽ താരം ബ്രസീൽ ടീമിനൊപ്പമാണ് ഉള്ളത്. വരുന്ന രണ്ട് സൗഹൃദമത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാൻ ആന്റണിക്ക് കഴിഞ്ഞിരുന്നു.

ഏതായാലും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ആന്റണി സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറേയും ഇദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. എല്ലാ താരങ്ങൾക്കും ആത്മവിശ്വാസം പകർന്നു നൽകുന്ന താരമാണ് നെയ്മർ എന്നാണ് ആന്റണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം ഗുണം ചെയ്യുന്ന താരമാണ് നെയ്മർ ജൂനിയർ.അദ്ദേഹം ഒരു ലീഡറാണ്. എല്ലാ താരങ്ങൾക്കും എപ്പോഴും ആത്മവിശ്വാസം നൽകുന്ന ഒരു താരമാണ് നെയ്മർ. ഞാൻ ആദ്യമായി ദേശീയ ടീമിലേക്ക് എത്തിയ അന്നുമുതൽ ഞാൻ ഇക്കാര്യത്തെക്കുറിച്ച് പറയാറുണ്ട്. അന്ന് അദ്ദേഹം എന്റടുത്ത് വന്നു കൊണ്ട് എന്റെ എല്ലാത്തരം ഫുട്ബോളിനെയും പ്രദർശിപ്പിക്കാൻ പറഞ്ഞു.നെയ്മർക്കൊപ്പം ജീവിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് ആന്റണി നെയ്മറെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് നെയ്മർ ജൂനിയർ ഇപ്പോൾ പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ കളിച്ച 11 മത്സരങ്ങളിൽ നിന്ന് 19 ഗോൾ പങ്കാളിത്തം നേടാൻ നെയ്മർക്ക് സാധിച്ചിട്ടുണ്ട്.11 ഗോളുകളും 8 അസിസ്റ്റുകളുമാണ് നെയ്മർ നേടിയിട്ടുള്ളത്.ഇനി ഘാനയെയാണ് ബ്രസീൽ ടീമിനൊപ്പം നെയ്മർ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *