എപ്പോഴും അർജന്റീനയാണ് ഇരകൾ: വിമർശനവുമായി മശെരാനോ!

കോൺമെബോളിന്റെ ഒളിമ്പിക് യോഗ്യത മത്സരത്തിൽ ഇന്നലെ കരുത്തരായ അർജന്റീനക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെനീസ്വേലയായിരുന്നു അർജന്റീനയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വെനിസ്വേലക്ക് അനുകൂലമായി ഒരു പെനാൽറ്റി റഫറി വിധിക്കുകയായിരുന്നു. അങ്ങനെയാണ് അർജന്റീനക്ക് സമനില വഴങ്ങേണ്ടി വന്നത്.

എന്നാൽ ആ പെനാൽറ്റിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് അർജന്റീനയുടെ പരിശീലകനായ ഹവിയർ മശെരാനോ രംഗത്ത് വന്നിട്ടുണ്ട്. റഫറിമാരുടെ മോശം തീരുമാനങ്ങൾ കാരണം എപ്പോഴും അർജന്റീന ഇരകളാകുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.റഫറിമാർ എപ്പോഴും അർജന്റീനക്കെതിരെയാണ് എന്ന് തന്നെയാണ് അദ്ദേഹം മത്സരശേഷം ഉള്ള പ്രസ് കോൺഫറൻസിൽ പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങളുടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലെ സ്ഥിതിഗതികൾ പരിശോധിച്ചു നോക്കൂ.VAR ഉണ്ടെങ്കിലും ഇല്ലെങ്കിലും എപ്പോഴും ഇരകൾ ഞങ്ങൾ തന്നെയാണ്.ഞങ്ങളെയാണ് ഇതെല്ലാം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് എന്നത് കണക്കുകൾ തെളിയിക്കുന്നുണ്ട്.എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ മുന്നോട്ട് പോകും.ഇത്തരം കാര്യങ്ങളിൽ ഒന്നും തന്നെ ഞങ്ങൾക്ക് ചെയ്യാനില്ല. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ലക്ഷ്യത്തിൽ ശ്രദ്ധ നൽകി മുന്നോട്ടുപോവുക എന്നുള്ളതാണ് ” ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഒളിമ്പിക്ക് യോഗ്യത മത്സരങ്ങളുടെ ഫൈനൽ റൗണ്ട് പോരാട്ടങ്ങളാണ് നടക്കുന്നത്.ബ്രസീൽ, അർജന്റീന എന്നിവരെ കൂടാതെ പരാഗ്വയും വെനിസ്വേലയുമാണ് ഫൈനൽ റൗണ്ടിൽ എത്തിയിട്ടുള്ളത്.ഈ റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. അതിനുശേഷം ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്നവരാണ് ഒളിമ്പിക്സിന് യോഗ്യത കരസ്ഥമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *