എന്റേത് പെനാൽറ്റിയാണെങ്കിൽ ക്രൂസിന്റേത് റെഡ് കാർഡുമാണ്: കുക്കുറെല്ല!
യൂറോ കപ്പിൽ നടന്ന കഴിഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജർമ്മനിയും സ്പെയിനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് സ്പെയിൻ വിജയിക്കുകയായിരുന്നു. മത്സരം നിയന്ത്രിച്ചിരുന്ന ആന്റണി ടൈലറുടെ പല തീരുമാനങ്ങളും വിവാദമായിരുന്നു. അതിലൊന്ന് കുക്കുറെല്ലയുടെ ഹാൻഡ് ബോളായിരുന്നു. ജർമ്മൻ താരത്തിന്റെ ഷോട്ട് പെനാൽറ്റി ബോക്സിനകത്ത് വെച്ചുകൊണ്ട് കുക്കുറെല്ലയുടെ കയ്യിൽ തട്ടുകയായിരുന്നു.
ജർമൻ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും ടൈലർ അത് നൽകിയില്ല. റഫറി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് യുവേഫ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ബോൾ കയ്യിൽ തട്ടുന്ന സമയത്ത് കൈ അൺനാച്ചുറൽ പൊസിഷനിൽ ആയിരുന്നില്ല എന്നാണ് യുവേഫ ഇതിന് നൽകിയ വിശദീകരണം.റഫറി ഹാൻഡ് ബോൾ നൽകിയിട്ടില്ലെങ്കിൽ അത് ഹാൻഡ് ബോൾ അല്ല എന്നാണ് കുക്കുറെല്ല ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ക്രൂസ് റെഡ് കാർഡ് അർഹിച്ചിരുന്നില്ലേ എന്നും ഈ സ്പാനിഷ് സൂപ്പർതാരം ചോദിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ബോൾ എന്റെ കൈകളിൽ തട്ടി.ഉടൻതന്നെ റഫറി അത് പെനാൽറ്റി അല്ല എന്ന് പറഞ്ഞിട്ടുണ്ട്.റഫറി അത് ഹാൻഡ് ബോൾ വിളിച്ചിട്ടില്ലെങ്കിൽ അത് ഹാൻഡ് ബോൾ അല്ല.ഇക്കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാനില്ല.റഫറിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. അദ്ദേഹം ഹാൻഡ് ബോൾ ആണെന്ന് പറഞ്ഞാൽ എനിക്ക് അത് അംഗീകരിക്കേണ്ടി വരും.ഇത്തരം തീരുമാനങ്ങൾ മത്സരത്തിൽ ഉടനീളം ഉണ്ടായിട്ടുണ്ട്.ക്രൂസിന്റെ കാര്യത്തിൽ ഞങ്ങൾക്കും പരാതിയുണ്ട്. അദ്ദേഹം ശരിക്കും റെഡ് കാർഡ് അർഹിച്ചിരുന്നു ” ഇതാണ് സ്പാനിഷ് താരം പറഞ്ഞിട്ടുള്ളത്.
മത്സരത്തിന്റെ അവസാനത്തിൽ മെറിനോ നേടിയ തകർപ്പൻ ഹെഡർ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഇനി സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസ് ആണ് സ്പെയിനിന്റെ എതിരാളികൾ. ചൊവ്വാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.