എന്റെ മൂക്കായിരിക്കും ബെൽജിയത്തിന്റെ ലക്ഷ്യം: എംബപ്പേ
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ ഫ്രാൻസ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ കരുത്തരായ ബെൽജിയമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ബെൽജിയത്തെ പരാജയപ്പെടുത്തി മുന്നോട്ടു പോവാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് എംബപ്പേയും സംഘവും ഇപ്പോൾ ഉള്ളത്.
കിലിയൻ എംബപ്പേയിൽ തന്നെയാണ് ഫ്രഞ്ച് പടയുടെ പ്രതീക്ഷകൾ. തകർന്ന മുക്കുമായാണ് ഇപ്പോൾ എംബപ്പേ കളിക്കുന്നത്. മാസ്ക് ധരിച്ചുകൊണ്ട് കളിക്കുന്നത് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുള്ള കാര്യം എംബപ്പേ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ ബെൽജിയം താരങ്ങൾ തന്റെ തകർന്ന മൂക്കിനെ ലക്ഷ്യം വെച്ചേക്കാമെന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് ക്യാപ്റ്റൻ.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
“നിങ്ങൾ തകർന്ന മൂക്കുമായി കളിക്കുകയും,അത് ഇതുവരെ ഓപ്പറേഷൻ ചെയ്യാതിരിക്കുകയും ചെയ്താൽ,മത്സരത്തിൽ നിങ്ങൾ തന്നെയായിരിക്കും അവരുടെ ലക്ഷ്യം.ഞാൻ വീട്ടിലേക്ക് മടങ്ങില്ല, ഇപ്പോൾ ഓപ്പറേഷൻ ചെയ്യേണ്ടതില്ല എന്നൊക്കെ തീരുമാനിച്ചത് ഞാൻ തന്നെയാണ്.ഒരുപക്ഷേ എനിക്ക് ഇനിയും പരിക്കേൽക്കാം,വേദന സഹിക്കേണ്ടി വന്നേക്കാം.പക്ഷേ ഈ ജേഴ്സിക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറായിട്ടുണ്ട്. ഓൾറെഡി തകർന്ന മൂക്കിന് ഇനിയും ഒരു പക്ഷേ ഇടികൾ ഏൽക്കേണ്ടി വന്നേക്കാം ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
അതായത് ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ തന്റെ മൂക്കിന് പരിക്കേൽപ്പിച്ചുകൊണ്ട് തന്നെ പുറത്താക്കാനുള്ള ശ്രമങ്ങൾ ബെൽജിയത്തിന്റെ ഭാഗത്തുണ്ടായേക്കാം എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. പ്രതീക്ഷിച്ച രൂപത്തിൽ യൂറോകപ്പിൽ തിളങ്ങാൻ എംബപ്പേക്ക് സാധിച്ചിട്ടില്ല.കൂടാതെ പരിക്കും അദ്ദേഹത്തിന് വിനയായി. ഫ്രഞ്ച് ടീമിനോടൊപ്പം ഉള്ള കന്നി യൂറോ കപ്പ് കിരീടമാണ് എംബപ്പേ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.