എന്നെ എപ്പോഴും നാല് താരങ്ങൾ മാർക്ക് ചെയ്യുന്നു: വിശദീകരണവുമായി വിനീഷ്യസ്!
കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.കോസ്റ്റാറിക്കയാണ് ബ്രസീലിനെ ഗോൾ രഹിതസമനിലയിൽ തളച്ചത്.മത്സരത്തിൽ ആധിപത്യം പുലർത്തിയത് ബ്രസീൽ തന്നെയാണെങ്കിലും അവർക്ക് ഗോളടിക്കാൻ കഴിഞ്ഞില്ല. സൂപ്പർ താരം വിനീഷ്യസ് ജൂനിയർക്ക് ഈ മത്സരത്തിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
ബ്രസീൽ ദേശീയ ടീമിന് വേണ്ടി വിനീഷ്യസിന് തന്റെ മികവ് പുറത്തെടുക്കാൻ സാധിക്കാറില്ല. ഇതേ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ നേരത്തെ തന്നെ വിനിയെ പരിശീലകൻ പിൻവലിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് തനിക്ക് ബ്രസീൽ ദേശീയ ടീമിൽ തിളങ്ങാൻ കഴിയാത്തത് എന്നതിനുള്ള ഒരു വിശദീകരണം വിനീഷ്യസ് ജൂനിയർ നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ മത്സരങ്ങൾ വരുമ്പോൾ എപ്പോഴും തന്നെ മാർക്ക് ചെയ്യാൻ മൂന്നോ നാലോ താരങ്ങൾ കാണും എന്നാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ബ്രസീൽ ദേശീയ ടീമിനോടൊപ്പം ഞാൻ കളിക്കാൻ എത്തുന്ന സമയത്തൊക്കെ തന്നെയും, മൂന്നോ നാലോ താരങ്ങൾ എന്നെ മാർക്ക് ചെയ്യാൻ കാണും. ഇവിടെ ഇപ്പോൾ പുതിയ പരിശീലകനും പുതിയ താരങ്ങളുമാണ്. തീർച്ചയായും ഇതൊക്കെ ശരിയാവാൻ ഒരല്പം സമയം എടുക്കും. അടുത്ത മത്സരത്തിൽ ഞങ്ങൾ കൂടുതൽ മികച്ച രൂപത്തിൽ കളിക്കും എന്ന് എനിക്കുറപ്പുണ്ട്. കാരണം ഈ കോമ്പറ്റീഷനും ഗ്രൗണ്ടും റഫറിയുമൊക്കെ ഞങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു. എനിക്കും ടീമിനും അടുത്ത മത്സരത്തിൽ കൂടുതൽ ഇമ്പ്രൂവ് ആവാൻ കഴിയും ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ 19 ഷോട്ടുകൾ ആണ് ബ്രസീൽ ഉതിർത്തത്. അതിൽ മൂന്ന് ഷോട്ടുകൾ മാത്രമായിരുന്നു ടാർഗറ്റിലേക്ക് ഉണ്ടായിരുന്നത്. അടുത്ത മത്സരത്തിൽ പരാഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ബ്രസീലിന് കാര്യങ്ങൾ സങ്കീർണ്ണമാകും.