എന്ത് കൊണ്ട് യുവതാരങ്ങൾ? വിശദീകരണവുമായി ടിറ്റെ !

അടുത്ത മാസം നടക്കാനുള്ള വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് ദിവസങ്ങൾക്ക് മുമ്പ് ബ്രസീൽ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, ഫിലിപ്പെ കൂട്ടീഞ്ഞോ, ആലിസൺ, ഗബ്രിയേൽ ജീസസ്, ഫിർമിഞ്ഞോ, തിയാഗോ സിൽവ, മാർക്കിഞ്ഞോസ് എന്നിവർ എല്ലാവരും തന്നെ ടീമിൽ ഇടം നേടിയിരുന്നു. എന്നാൽ ഇവർക്ക് പുറമെ നിരവധി സൂപ്പർ താരങ്ങളും ടിറ്റെയുടെ സ്‌ക്വാഡിൽ ഇടം നേടി. അതിന് വിശദീകരണം നൽകിയിരിക്കുകയാണിപ്പോൾ പരിശീലകൻ ടിറ്റെ, പ്രായമല്ല, മറിച്ച് കളിമികവാണ് താരങ്ങളെ തിരഞ്ഞെടുക്കാനുള്ള മാനദന്ധം എന്നാണ് ടിറ്റെ പറഞ്ഞത്. അടുത്ത മാസം, അതായത് ഒക്ടോബർ ഒമ്പതാം തിയ്യതി ബൊളീവിയക്കെതിരെയും പതിനാലാം തിയ്യതി പെറുവിനെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങൾ. തീർച്ചയായും ഏറെ കാലത്തെ ഇടവേളക്ക് ശേഷം വരുന്ന മത്സരങ്ങൾ ആയതിനാൽ ആരാധകർ കാത്തിരിപ്പിലാണ്.

കഴിഞ്ഞ ദിവസം സ്‌പോർ ടിവിക്ക് നൽകിയ ബേം അമിഗോസ് എന്ന പരിപാടിക്കിടെയാണ് ടിറ്റെ യുവതാരങ്ങളെ കുറിച്ച് വിശദീകരിച്ചത്. ” ഞാൻ എപ്പോഴും കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാനാണ് ശ്രമിക്കാറുള്ളത്. താരങ്ങളുടെ ക്വാളിറ്റിയാണ് ഞാൻ പരിഗണനയിൽ എടുക്കാറുള്ളത്. നിലവിൽ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ അണ്ടർ 23 ആയ ഒത്തിരി പേരുണ്ട്. ഗബ്രിയേൽ മെനിനോ, ഡഗ്ലസ് മെനിനോ, റെനാൻ ലോദി, ഡഗ്ലസ് ലൂയിസ്, ബ്രൂണോ ഗിമിറെസ് എന്നിവരെല്ലാം. കൂടാതെ ഗബ്രിയേൽ ജീസസും റിച്ചാർലീസണും മുമ്പേ ഉള്ളവരാണ്. റോഡ്രിഗോ ആവട്ടെ തന്റെ ക്ലബ്ബിൽ കഴിവ് തെളിയിച്ചവനുമാണ്.തീർച്ചയായും ഇത് ക്വാളിറ്റിയുള്ള താരങ്ങളാണ്. ക്വാളിറ്റിയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മൾ സംസാരിക്കുന്നതിലേറെ അവരുടെ പ്രകടനങ്ങളാണ് അത്‌ തെളിയിക്കുക. യുവ താരങ്ങളെ എടുക്കുന്നതിൽ എനിക്ക് യാതൊരു നിബന്ധനകളുമില്ല. ഈ താരങ്ങൾ ടീമിൽ എത്തിയിരിക്കുന്നത് യോഗ്യതയുടെയും പക്വതയുടെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ” ടിറ്റെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *