എന്ത്കൊണ്ട് എൻഡ്രിക്കിനെ സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിക്കുന്നില്ല? ഡൊറിവാൽ ജൂനിയർ പറയുന്നു!

ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ USAയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ വരുന്നത്.എന്നാൽ അമേരിക്കയ്ക്ക് കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

നാളത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ എൻഡ്രിക്ക് ഉണ്ടാവില്ല എന്നുള്ള കാര്യം പരിശീലകനായ ഡൊറിവാൽ ജൂനിയർ സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ 3 മത്സരങ്ങളിലും ബ്രസീലിനു വേണ്ടി ഗോൾ നേടിയ എൻഡ്രിക്കിന് എന്തുകൊണ്ട് ആദ്യ ഇലവനിൽ സ്ഥാനം നൽകുന്നില്ല എന്ന് ഈ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.കൃത്യമായ മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്. യുവതാരത്തിന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അതിന്റെ പരിണിതഫലം വളരെ വലുതായിരിക്കും എന്നാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എൻഡ്രിക്കിന്റെ കാര്യത്തിൽ ഞങ്ങൾ ജാഗ്രത പുലർത്തണം.യുവതാരങ്ങൾക്ക് ഞാൻ എപ്പോഴും മൂല്യം കൽപ്പിക്കാറുണ്ട് എന്നകാര്യം നിങ്ങൾക്ക് അറിയാമല്ലോ.അതോടൊപ്പം തന്നെ അവരുടെ കാര്യത്തിൽ ഞാൻ ജാഗ്രത പുലർത്തുകയും ചെയ്യാറുണ്ട്. ഇവരുടെ കാര്യത്തിൽ എന്തെങ്കിലും മിസ്റ്റേക്കുകൾ പറ്റിക്കഴിഞ്ഞാൽ അതിന്റെ അനന്തരഫലം വളരെ വലുതായിരിക്കും. എല്ലാവരോടും ക്ഷമ കാണിക്കാനാണ് ഞാൻ ഇപ്പോൾ ആവശ്യപ്പെടുന്നത്.വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. ഞാൻ ഒരുപാട് കാലമായി അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.തീർച്ചയായും ബ്രസീൽ ദേശീയ ടീമിനെ അദ്ദേഹം ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.പക്ഷേ നമ്മൾ നിർബന്ധമായും ക്ഷമ കാണിക്കണം.അദ്ദേഹത്തെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പക്ഷേ ഒരുപാട് റിസ്ക് എലമെന്റ്കൾ അവിടെയുണ്ട്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പകരക്കാരന്റെ റോളിൽ ഉപയോഗിക്കാൻ തീരുമാനിച്ചത് “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ പ്രായത്തിൽ എൻഡ്രിക്കിന് ഗുരുതരമായി പരിക്കേറ്റാൽ അതിന്റെ പരിണിതഫലം വളരെ വലുതായിരിക്കും എന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാതെ കുറഞ്ഞ സമയം മാത്രം കളിപ്പിക്കാനാണ് പരിശീലകൻ തീരുമാനിച്ചിട്ടുള്ളത്.വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും. അതോടൊപ്പം തന്നെ മുന്നേറ്റ നിരയിൽ റാഫീഞ്ഞയായിരിക്കും സ്റ്റാർട്ട് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *