എന്തൊക്കെയാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്? ഇംഗ്ലീഷ് താരങ്ങൾക്കും പരിശീലകനും രൂക്ഷ വിമർശനം!
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഡെന്മാർക്കായിരുന്നു അവരെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ ലീഡ് നേടിയപ്പോൾ ഹുമാന്റ് നേടിയ തകർപ്പൻ ഗോളാണ് ഡെൻമാർക്കിന് സമനില നേടി കൊടുത്തിട്ടുള്ളത്.മികച്ച പ്രകടനമാണ് മത്സരത്തിൽ ഡെന്മാർക്ക് നടത്തിയിട്ടുള്ളത്.
നിരവധി സൂപ്പർതാരങ്ങളാൽ സമ്പന്നമായ ഇംഗ്ലണ്ടിന് പ്രത്യേകിച്ച് ഒന്നും ഈ മത്സരത്തിൽ ചെയ്യാൻ സാധിച്ചിരുന്നില്ല.ടീം ഒന്നടങ്കം മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. കൂടാതെ മിന്നുന്ന ഫോമിൽ കളിക്കുന്ന കോൾ പാൽമർ,കോബി മൈനൂ എന്നിവരെ ഒന്നും പരിശീലകനായ സൗത്ത് ഗേറ്റ് ഉപയോഗപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച താരങ്ങൾ ഉണ്ടായിട്ടും അവരെ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയാത്തതിൽ ഇംഗ്ലീഷ് ഫുട്ബോൾ പണ്ഡിറ്റുകൾ സൗത്ത്ഗേറ്റിനെ വലിയ രൂപത്തിൽ വിമർശിക്കുന്നുണ്ട്.
അതുപോലെതന്നെ ഹാരി കെയ്നിനും വിമർശനങ്ങൾ ഏറെയാണ്. ഗോൾ നേടിയെങ്കിലും അത് മാറ്റി നിർത്തിയാൽ മത്സരത്തിൽ തീർത്തും അപ്രത്യക്ഷനായിരുന്നു ഹാരി കെയ്ൻ. എന്താണ് ഹാരി കെയ്ൻ കാണിച്ചുകൂട്ടുന്നത് എന്നാണ് ജർമൻ ഇതിഹാസമായ പെർ മെറ്റസാക്കർ ചോദിച്ചിട്ടുള്ളത്. ജർമനിയിലെ ദുർബലരായ യൂണിയൻ ബെർലിനെ പോലെയാണ് ഇംഗ്ലണ്ട് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
അതേസമയം ലിവർപൂൾ ഇതിഹാസമായ ജാമി കാരഗറും താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.അലക്സാണ്ടർ അർനോൾഡ്,ഡേക്ലാൻ റെയ്‌സ് എന്നവർക്കെതിരെയാണ് ഇദ്ദേഹം വിമർശനം നടത്തിയിട്ടുള്ളത്. രണ്ടുപേരുടെയും കളിശൈലി ഇംഗ്ലണ്ട് സെന്റർ ബാക്കുമാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.നിലവിൽ ഗ്രൂപ്പിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തന്നെയാണ് ഉള്ളത്. അടുത്ത മത്സരത്തിൽ സ്ലോവേനിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.