എന്തുകൊണ്ടാണ് റാമോസിനെയും ഫാറ്റിയെയും സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തത്? സ്പാനിഷ് പരിശീലകൻ പറയുന്നു!

ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളാണ് വമ്പൻമാരായ സ്പെയിൻ കളിക്കുക. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനേയും രണ്ടാമത്തെ മത്സരത്തിൽ പോർച്ചുഗല്ലിനെയുമാണ് സ്പെയിൻ നേരിടുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ നേരത്തെ പരിശീലകൻ ലൂയിസ് എൻറിക്കെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരങ്ങളായ സെർജിയോ റാമോസ്,അൻസു ഫാറ്റി എന്നിവരുടെ അഭാവം വളരെയധികം ശ്രദ്ധേയമായിരുന്നു.

അതുകൊണ്ടുതന്നെ ഇവരെ തഴഞ്ഞതിനുള്ള വിശദീകരണം ലൂയിസ് എൻറിക്കെ ഇപ്പോൾ നൽകിയിട്ടുണ്ട്. അതായത് ഇവരെക്കാൾ മികച്ച താരങ്ങൾ ഉണ്ട് എന്നാണ് ലൂയിസ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഈ രണ്ടു താരങ്ങളെ കുറിച്ചും കൂടുതൽ സംസാരിക്കാൻ എൻറിക്കെ സമയം കണ്ടെത്തുകയും ചെയ്തു.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“സെർജിയോ റാമോസ് ഇപ്പോൾ സ്ഥിരമായി കളിക്കുന്നത് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. അദ്ദേഹം ഇപ്പോൾ തന്റെ സ്ഥാനത്തിന് വേണ്ടി പോരാടുന്നുണ്ട്. പക്ഷേ എനിക്കിപ്പോൾ പറയാൻ കഴിയുന്നത് സെന്റർ ബാക്ക് പൊസിഷനിൽ ഏറ്റവും മികച്ച താരങ്ങളാണ് കളിക്കുക.അത്തരത്തിലുള്ള താരങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്.ഫാറ്റിയുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവിൽ അദ്ദേഹത്തിന് ലിസ്റ്റിൽ ഇടം നേടാനുള്ള അർഹത ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച് ഏറ്റവും മികച്ച ഫാറ്റിയെ വീണ്ടും കാണാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഒരുപാട് കാലം കളിക്കാതിരുന്ന അദ്ദേഹം ഇപ്പോൾ ഇമ്പ്രൂവ് ആവുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നാഷണൽ ടീമിൽ ഇടം നേടാനുള്ള ലെവലിൽ എത്തുമ്പോൾ തീർച്ചയായും ഞാൻ അദ്ദേഹത്തെ പരിഗണിക്കുന്നതാണ് ” ഇതാണ് ലൂയിസ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ റാമോസ് സ്ഥിരമായി കളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രായം ഒരു തടസ്സമാണ്.അതേസമയം ഈ സീസണിൽ കേവലം 119 മിനിറ്റുകൾ മാത്രമാണ് ഫാറ്റി ലാലിഗയിൽ കളിച്ചിട്ടുള്ളത്. എന്നിരുന്നാലും രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *