എനിക്ക് നാലെണ്ണം തന്ന ആളാണ് എംബപ്പേ, അദ്ദേഹം ഒരുപാട് ബാലൺഡി’ഓറുകൾ സ്വന്തമാക്കും:എമിലിയാനോ മാർട്ടിനസ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. അതിനുശേഷം അവരുടെ ഗോൾകീപ്പറായ എമി മാർട്ടിനസ് എംബപ്പേയെ ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയ പ്രവർത്തികൾ വലിയ വിവാദമായിരുന്നു.എംബപ്പേക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കൂ എന്നായിരുന്നു അദ്ദേഹം ചാന്റ് ചെയ്തിരുന്നത്. മാത്രമല്ല എംബപ്പേയുടെ മുഖമുള്ള പാവ കൊണ്ട് പലവിധ പ്രവർത്തികളും അദ്ദേഹം നടത്തിയിരുന്നു.

ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ എമിലിയാനോ മാർട്ടിനസ് തന്റെ വിശദീകരണം നൽകിയിട്ടുണ്ട്. താൻ ഒരുപാട് ബഹുമാനിക്കുന്ന താരമാണ് എംബപ്പേ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എനിക്ക് അദ്ദേഹത്തിൽ നിന്ന് നാലു ഗോളുകൾ വഴങ്ങേണ്ടി വന്നുവെന്നും മെസ്സി വിരമിച്ചാൽ എംബപ്പേ ഒരുപാട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടുമെന്നും എമി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എംബപ്പേക്കെതിരെ പാടിയത് ലോക്കർ റൂമിൽ മാത്രമാണ്.പക്ഷേ അത് പുറത്തേക്ക് വരാൻ പാടില്ലായിരുന്നു. പക്ഷേ 2018 ൽ ഞങ്ങൾ പുറത്തായപ്പോൾ മെസ്സിക്കെതിരെ അവർ ചാന്റ് പാടിയിരുന്നു. എനിക്ക് വ്യക്തിപരമായി എംബപ്പേയോട് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല.ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നുണ്ട്.എനിക്ക് ഫൈനലിൽ അദ്ദേഹത്തിന് എതിരെ നാല് ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ട്.ഞാൻ കണ്ട ഏറ്റവും മികച്ച ഫ്രഞ്ച് താരം എംബപ്പേയാണ്. ലയണൽ മെസ്സി വിരമിച്ചു കഴിഞ്ഞാൽ ഒരുപാട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കും “എമി മാർട്ടിനസ് പറഞ്ഞു.

എംബപ്പേക്കെതിരെ ചെയ്ത പ്രവർത്തികളെല്ലാം അപ്പോൾ സംഭവിച്ചതാണെന്നും മനപ്പൂർവമല്ലെന്നും എമി ഈ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ഗോൾഡൻ ഗ്ലൗ സെലിബ്രേഷനിൽ മെസ്സി തന്നെ ശാസിച്ചതായും എമി മാർട്ടിനസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *