എനിക്ക് എതിർപ്പുണ്ട്, ഇത് സന്തോഷമില്ലാത്ത സാഹചര്യം:ന്യൂയറെ പരിഗണിക്കുന്നതിനെതിരെ ടെർസ്റ്റീഗൻ!
സ്വന്തം രാജ്യത്ത് വെച്ചുകൊണ്ട് നടക്കുന്ന യൂറോ കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് ജർമ്മനിയുടെ ദേശീയ ടീം ഉള്ളത്. കഴിഞ്ഞദിവസം നടന്ന സൗഹൃദ മത്സരത്തിൽ ഉക്രൈനോട് അവർ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ഗോൾവല കാത്തിരുന്നത് മാനുവൽ ന്യൂയർ തന്നെയാണ്. 38 വയസ്സുള്ള മാനുവൽ ന്യൂയറെ തന്നെ യൂറോകപ്പിൽ ഉപയോഗിക്കാനാണ് പരിശീലകൻ ജൂലിയൻ നഗൽസ്മാൻ തീരുമാനിച്ചിട്ടുള്ളത്.
അതിനർത്ഥം ബാഴ്സ ഗോൾകീപ്പറായ ടെർസ്റ്റീഗൻ ഇനിയും പുറത്തിരിക്കേണ്ടി വരും എന്നതാണ്.ഇക്കാര്യത്തിലുള്ള തന്റെ പ്രതിഷേധം അദ്ദേഹം പരസ്യമായി അറിയിച്ചിട്ടുണ്ട്.ന്യൂയറെ ഒന്നാമനായി കൊണ്ട് ഇപ്പോഴും പരിഗണിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്നും ഇത് ഒട്ടും സന്തോഷമില്ലാത്ത ഒരു സാഹചര്യമാണ് എന്നുമാണ് ടെർസ്റ്റീഗൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇതൊരിക്കലും സന്തോഷം ഉണ്ടാക്കുന്ന സാഹചര്യമല്ല. പരിശീലകൻ ഒരു തീരുമാനം എടുത്തു, എനിക്ക് അതിനോട് എതിർപ്പുണ്ടെങ്കിലും ഞാൻ അത് അംഗീകരിക്കുന്നു.എല്ലാവരും എന്നിൽ വിശ്വാസം അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഞാൻ വിരമിക്കാനൊന്നും പോകുന്നില്ല. കാരണം ഗ്രൂപ്പിന്റെ കാര്യത്തിൽ ഓരോരുത്തർക്കും അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. എനിക്ക് സാധ്യമാകുന്ന സമയത്ത് ഈ ടീമിനെ ഞാൻ സഹായിക്കും.ന്യൂയറുമായി എനിക്ക് നല്ല ബന്ധം തന്നെയാണ് ഉള്ളത്. അദ്ദേഹം മോശം പ്രകടനം നടത്തണമെന്നോ മിസ്റ്റേക്കുകൾ വരുത്തിവെക്കണമെന്നോ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു വ്യക്തിയല്ല ഞാൻ “ഇതാണ് ബാഴ്സലോണ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ന്യൂയർ ഉള്ളതുകൊണ്ടുതന്നെ 32 കാരനായ ഈ താരത്തിന് അവസരങ്ങൾ ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ജർമൻ ദേശീയ ടീമിൽ നിന്നും ടെർസ്റ്റീഗൻ വിരമിച്ചേക്കും എന്ന റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു.എന്നാൽ അതെല്ലാം അദ്ദേഹം ഇപ്പോൾ നിരസിച്ചിട്ടുണ്ട്.