എനിക്കിനിയും ഒരുപാട് നൽകാനുണ്ട് : വീണ്ടും പരിശീലകവേഷമണിയുമെന്നുള്ള സൂചനകളുമായി സിദാൻ!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ട് നാളുകളേറെയായി. ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനായിരുന്നു അവർ പ്രഥമ പരിഗണന നൽകിയിരുന്നത്.എന്നാൽ സിദാൻ വിമുഖത പ്രകടിപ്പിച്ചതോടെ ഗാൾട്ടിയറിലേക്ക് പിഎസ്ജിയുടെ ശ്രദ്ധ മാറുകയായിരുന്നു. നിലവിൽ ഗാൾട്ടിയറെ കൊണ്ടുവരാനാണ് പിഎസ്ജി ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക വേഷം അഴിച്ചു വെച്ചത്.അതിന് ശേഷം സിദാൻ പരിശീലകനായിട്ടില്ല. എന്നാൽ വീണ്ടും പരിശീലകനായേക്കുമെന്നുള്ള സൂചനകൾ ഇപ്പോൾ സിദാൻ നൽകി കഴിഞ്ഞിട്ടുണ്ട്. എനിക്കിനിയും ഒരുപാട് നൽകാനുണ്ട് എന്നാണ് സിദാൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 20, 2022
“എനിക്കിനിയും ഫുട്ബോളിന് നൽകാൻ ഒരുപാട് ബാക്കിയുണ്ട്.അല്ലെങ്കിൽ കുറച്ചെങ്കിലുമുണ്ട്. ഈയൊരു വഴിയിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഇങ്ങനെ തന്നെ തുടരണം. എന്റെ ഉള്ളിൽ ഇപ്പോഴും ആ ഒരു ജ്വാലയുണ്ട്. ഫുട്ബോൾ എന്നുള്ളത് എന്റെ പാഷനാണ്.എനിക്കിപ്പോൾ ഏകദേശം 50 വയസ്സായി. എന്റെ സ്വപ്നങ്ങൾ പലതും സാക്ഷാത്കരിച്ചു കഴിഞ്ഞു.ഞാൻ ഹാപ്പിയാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് സിദാൻ പറഞ്ഞിട്ടുള്ളത്.
എന്നാൽ സിദാൻ പിഎസ്ജിയുടെ പരിശീലകനാവാനുള്ള സാധ്യതകൾ ഏതാണ്ട് അവസാനിച്ചിട്ടുണ്ട്.അതേസമയം ഫ്രാൻസിന്റെ പരിശീലകനായ ദെഷാപ്സിന്റെ കരാർ ഈ വർഷത്തിന് ശേഷം അവസാനിക്കും.അതിന് ശേഷം സിദാൻ ഫ്രാൻസിന്റെ പരിശീലകനായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.