എതിർ താരം അബോധാവസ്ഥയിൽ,മാപ്പ് പറഞ്ഞ് മെസ്സിഞ്ഞോ!

ബ്രസീലിയൻ യുവ പ്രതിഭയായ എസ്റ്റവായോ വില്യൻ അഥവാ മെസ്സിഞ്ഞോ നിലവിൽ പാൽമിറാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 17 കാരനായ ഈ മുന്നേറ്റ നിര താരത്തെ ചെൽസി സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ 18 വയസ്സ് പൂർത്തിയായതിനുശേഷം മാത്രമായിരിക്കും താരത്തിന് ചെൽസിയിൽ ജോയിൻ ചെയ്യാൻ കഴിയുക. അതായത് അടുത്ത സീസണിൽ മെസ്സിഞ്ഞോ ചെൽസി വേണ്ടിയായിരിക്കും കളിക്കുക.

കഴിഞ്ഞദിവസം ബ്രസീലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പാൽമിറാസിന് കഴിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ സാവോ പോളോയെ പരാജയപ്പെടുത്തിയത്.എന്നാൽ ഈ മത്സരത്തിനിടെ ഒരു അപകടം സംഭവിച്ചിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റിൽ മെസ്സിഞ്ഞോയും എതിർ താരമായ പാട്രിക്ക് ലാൻസയും ഹൈ ബോളിന് വേണ്ടി പോരാടിയിരുന്നു. ഉയർന്ന് ചാടിയ ലാൻസ മെസ്സിഞ്ഞോയുടെ ദേഹത്ത് തട്ടുകയും നിലത്തേക്ക് വീഴുകയും ചെയ്തു. വീഴ്ചയിൽ അദ്ദേഹത്തിന്റെ തലയുടെ പുറംഭാഗവും കഴുത്തുമാണ് നിലത്ത് ഇടിച്ചിട്ടുള്ളത്. ഉടനെ അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു.

പെട്ടെന്ന് വേണ്ട ചികിത്സകൾ നൽകിക്കൊണ്ട് അദ്ദേഹത്തെ ഉടൻ തന്നെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അദ്ദേഹം അപകടനില തരണം ചെയ്തു.സോഷ്യൽ മീഡിയയിലൂടെ താരം തന്നെ അപ്ഡേറ്റ് നൽകുകയായിരുന്നു. താനിപ്പോൾ ഓക്കേ ആയി കഴിഞ്ഞിട്ടുണ്ട് എന്നാണ് ലാൻസ തന്റെ മെസ്സേജിലൂടെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ മെസ്സിഞ്ഞോ മാപ്പ് പറഞ്ഞിട്ടുണ്ട്.താൻ മനപ്പൂർവ്വം ചെയ്തത് അല്ലെന്നും അറിയാതെ സംഭവിച്ചു പോയതാണ് എന്നുമാണ് മെസ്സിഞ്ഞോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ അറിയുന്നവർക്ക് അറിയാം ഞാൻ ഒരിക്കലും മനപ്പൂർവ്വം അങ്ങനെ ചെയ്യുന്ന ഒരാളല്ല.അത് ആ സന്ദർഭത്തിൽ സംഭവിച്ചു പോയതാണ്. ഞാൻ എന്റെ ആ സഹോദരനോട് ക്ഷമ ചോദിക്കുന്നു. നിനക്ക് എന്ത് സഹായം വേണമെങ്കിലും ആദ്യം ഞാൻ അവിടെ ഉണ്ടാകും. വളരെ പെട്ടെന്ന് തന്നെ നീ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് ” ഇതാണ് വില്യൻ കുറിച്ചിട്ടുള്ളത്.

ഏതായാലും താരത്തിന് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുള്ളത് ആശ്വാസകരമായ ഒരു കാര്യമാണ്.ഈയിടെ വില്യനും ഗുരുതരമായ ഇൻജുറി പിടിപെട്ടിരുന്നു. തുടർന്ന് കുറച്ച് മത്സരങ്ങൾ അദ്ദേഹം പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന മെസ്സിഞ്ഞോ ഉടൻതന്നെ ബ്രസീൽ ദേശീയ ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *