എംബപ്പേ vs ക്രിസ്റ്റ്യാനോ, ആരെ തിരഞ്ഞെടുക്കും? നുനോ മെന്റസ് പറയുന്നു!
യുവേഫ യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ ഫ്രാൻസും പോർച്ചുഗല്ലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപ്പേയും നേർക്കുനേർ വരുന്നു എന്ന ഒരു സവിശേഷത ഈ മത്സരത്തിനുണ്ട്.
പിഎസ്ജിയിൽ കിലിയൻ എംബപ്പേക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് നുനോ മെന്റസ്. പോർച്ചുഗലിൽ അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമാണ് കളിക്കുന്നത്.ഒരു പരിശീലകനാണെങ്കിൽ ഈ രണ്ടു താരങ്ങളിൽ ആരെയാണ് ടീമിൽ ഉൾപ്പെടുത്തുക എന്ന ചോദ്യം പ്രസ് കോൺഫറൻസിൽ അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ ഒരാളെ മാത്രം തിരഞ്ഞെടുക്കാൻ മെന്റസ് തയ്യാറായിട്ടില്ല.നുനോ മെന്റസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” അവർ രണ്ടുപേരും ടോപ്പ് താരങ്ങളാണ്. ഏത് നിമിഷം വേണമെങ്കിലും മത്സരത്തിൽ ഡിഫറൻസ് ഉണ്ടാക്കാൻ കഴിവുള്ള താരങ്ങളാണ് അവർ. ഈ രണ്ടുപേർക്കൊപ്പവും കളിക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഒരു പരിശീലകൻ എന്ന നിലയിൽ ഈ രണ്ടിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ സങ്കീർണമായ കാര്യമാണ്.നിങ്ങൾ പരിശീലകനോട് ചോദിക്കുന്നതാവും നല്ലത്.ഞാൻ കേവലമൊരു താരം മാത്രമാണ്. ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകാം എന്നത് കൂടുതൽ മികച്ച രൂപത്തിൽ പരിശീലകന് അറിയുമെന്ന് ഞാൻ കരുതുന്നു ” ഇതാണ് നുനോ മെന്റസ് പറഞ്ഞിട്ടുള്ളത്.
ഈ യൂറോ കപ്പിൽ റൊണാൾഡോക്ക് ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. റൊണാൾഡോ നാല് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു അസിസ്റ്റ് മാത്രമാണ് നേടിയിട്ടുള്ളത്. അതേസമയം എംബപ്പേക്ക് ഒരു മത്സരം പരിക്ക് കാരണം നഷ്ടമായിരുന്നു. കേവലം ഒരു പെനാൽറ്റി ഗോൾ മാത്രമാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. ഏതായാലും ഈ രണ്ടിലൊരു താരം ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്താവും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.