എംബപ്പേ വരാൻ ആഗ്രഹിച്ചിരുന്നു,പക്ഷേ..: താരത്തെ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് ദെഷാപ്സ്
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഫ്രാൻസിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇസ്രായേലായിരുന്നു ഫ്രാൻസിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകൾക്കും മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ അഭാവത്തിലാണ് ഈ മത്സരം ഫ്രാൻസ് കളിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ഫ്രാൻസായിരുന്നുവെങ്കിലും ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.
ഇത്തവണത്തെ ഫ്രഞ്ച് സ്‌ക്വാഡിൽ കിലിയൻ എംബപ്പേയെ ഉൾപ്പെടുത്താൻ പരിശീലകനായ ദിദിയർ ദെഷാപ്സ് തയ്യാറായിരുന്നില്ല.എംബപ്പേ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ഇപ്പോൾ വരാതിരിക്കുന്നതാണ് നല്ലത് എന്നുമാണ് ദെഷാപ്സ് പറഞ്ഞിട്ടുള്ളത്. ശാരീരികമായും മാനസികമായും ഉള്ള കാരണങ്ങൾ കൊണ്ടാണ് എംബപ്പേ ഇപ്പോൾ ബുദ്ധിമുട്ടുന്നതെന്നും ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേ വളരെയധികം ബുദ്ധിമുട്ടേറിയ സന്ദർഭത്തിലാണ് ഉള്ളത് എന്നത് ഒരു വസ്തുതയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഒട്ടും സന്തോഷമില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.എംബപ്പേ ഫ്രഞ്ച് ടീമിനോടൊപ്പം ചേരാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ നിലവിൽ അദ്ദേഹം വരാതിരിക്കുന്നതാണ് നല്ലത് എന്ന് കരുതിയത് ഞാനാണ്. ഇത്തരം ബുദ്ധിമുട്ടേറിയ സമയങ്ങൾ എല്ലാവർക്കും ഉണ്ടാവും.അതിന് ശാരീരികമായ കാരണങ്ങളുണ്ട്, മാനസികമായ കാരണങ്ങളുമുണ്ട് “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് എംബപ്പേ ശാരീരികമായും മാനസികമായും പൂർണ്ണ സജ്ജനാവാൻ വേണ്ടി താൻ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കി എന്ന് തന്നെയാണ് ഈ പരിശീലകൻ വ്യക്തമാക്കുന്നത്.റയൽ മാഡ്രിഡിൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ സ്പെയിനിൽ നിന്നും ലഭിക്കുന്നുണ്ട്. ഫ്രഞ്ച് ടീമിന് വേണ്ടി കളിക്കാത്തതിൽ വലിയ വിമർശനങ്ങൾ ഫ്രാൻസിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.