എംബപ്പേ നമ്മെ ചതിച്ചു: രൂക്ഷ വിമർശനവുമായി റോതൻ
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ പിഎസ്ജി വിട്ടുകൊണ്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയിരുന്നു.ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ ആ മികവ് പിഎസ്ജിക്കൊപ്പമുള്ള അവസാന മത്സരങ്ങളിൽ ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരങ്ങളിൽ തിളങ്ങാൻ എംബപ്പേക്ക് സാധിക്കാതെ പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഫ്രാൻസിന്റെ മത്സരത്തിൽ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തു.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഫ്രാൻസ് ലക്‌സംബർഗിനെ പരാജയപ്പെടുത്തിയത്.ഒരു ഗോളും രണ്ട് അസിസ്റ്റും നേടി കൊണ്ട് തിളങ്ങിയത് എംബപ്പേയാണ്. ഇതിന് പിന്നാലെ എംബപ്പേക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻ പിഎസ്ജി താരമായിരുന്ന ജെരോം റോതൻ രംഗത്ത് വന്നിട്ടുണ്ട്. മികച്ച പ്രകടനം നടത്താതെ എംബപ്പേ പിഎസ്ജിയെ കഴിഞ്ഞ സീസണിൽ ചതിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെ സന്തോഷവാനായി കൊണ്ടാണ് കഴിഞ്ഞ ഫ്രാൻസിന്റെ മത്സരത്തിൽ അദ്ദേഹം ഉണ്ടായിരുന്നത്.മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.എന്നാൽ പിഎസ്ജിയിൽ ഈ സീസണിൽ ഉടനീളം നമുക്ക് ഇത് കാണാൻ കഴിഞ്ഞിരുന്നില്ല. സന്തോഷവും ആരാധകരുമായുള്ള കമ്യൂണിക്കേഷനുമൊക്കെ ഫുട്ബോളിൽ വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ അഞ്ചുമാസം പിഎസ്ജിക്ക് വേണ്ടി ഒന്നും ചെയ്യാൻ എംബപ്പേ തയ്യാറായിരുന്നില്ല.അത് ആരുടെയും പ്രശ്നമല്ല, മറിച്ച് എംബപ്പേക്ക് റെസ്‌പെക്ട് ഇല്ലാത്തതിന്റെ പ്രശ്നമാണ്. ലോകത്തെ മികച്ച താരങ്ങളിൽ പെട്ട ഒരാളാണെങ്കിൽ ക്ലബ്ബിന് വേണ്ടിയും സഹതാരങ്ങൾക്ക് വേണ്ടിയും പോരാടുകയാണ് വേണ്ടത്. എന്നാൽ എംബപ്പേ അത് ചെയ്തില്ല.അദ്ദേഹം നമ്മെ ചതിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് കടുത്ത ദേഷ്യമുണ്ട്. അദ്ദേഹം ഇതെല്ലാം ക്ലബ്ബിനോട് മനപ്പൂർവമാണ് ചെയ്തത് ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി പരമാവധി നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.ഫ്രീ ഏജന്റായി കൊണ്ടാണ് എംബപ്പേ പിഎസ്ജി വിട്ടത്.അത് സാമ്പത്തികപരമായി ക്ലബ്ബിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന കാര്യം കൂടിയാണ്.